കോഴിക്കോട്: മുൻ അന്താരാഷ്ട്ര അത്ലറ്റ് ജെമ്മ ജോസഫ് തനിക്കെതിരെ വെള്ളയിൽ പോലീസിൽ നൽകിയ പരാതി വ്യാജമാണെന്ന് കമ്പനി ഉടമ ആർ മുരളീധരൻ . ഫ്ലാറ്റ് നിർമ്മാതാക്കളായ മെല്ലോ ഫൗണ്ടേഷൻ എംഡി ആർ മുരളീധരനാണ് വിശദീകരണവുമായി കോഴിക്കോട് വാർത്താ സമ്മേളനം നടത്തിയത്.
കോഴിക്കോട് തടമ്പാട്ടുതാഴത്ത് മെല്ലോ ഫൗണ്ടേഷൻ നിർമ്മിച്ച ഫ്ലാറ്റ് വാങ്ങാനായി 44 ലക്ഷം രൂപ നൽകിയിട്ടും പറഞ്ഞ സമയത്ത് ഫ്ലാറ്റ് രജിസ്റ്റർ ചെയ്തു നൽകുകയോ, നൽകിയ പണം തിരിച്ചു നൽകുകയോ ചെയ്തില്ലെന്നായിരുന്നു ജെമ്മ ജോസഫിന്റെ പരാതി. വസ്തു ഇടപാടിൽ ഇടനിലക്കാരിയായി നിന്ന് പിടി ഉഷ വഞ്ചിച്ചെന്നും പരാതിയിലുണ്ടായിരുന്നു
സ്ഥലമുടമ വസ്തു രജിസ്ട്രേഷൻ വൈകിച്ചതാണ് കാലതാമസമുണ്ടാകാൻ കാരണമായതെന്നാണ് എംഡിയുടെ വിശദീകരണം.ജെമ്മ ജോസഫിനെതിരെ നിയമപരമായി നടപടി സ്വീകരിക്കുമെന്നും കമ്പനി അധികൃതർ അറിയിച്ചു.
തുടർന്ന് പിടി ഉഷയ്ക്കും മുരളീധരനുമടക്കമുള്ള വർക്കെതിരെ വെള്ളയിൽ പോലീസാണ് കേസെടുത്തത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല
