കോട്ടയം: ഒരു നാടിന്റെ മുഴുവൻ ആശീർവാദവും സ്നേഹാശംസകളും ഏറ്റുവാങ്ങി കല്ലറ സർക്കാർ മഹിളാ മന്ദിരത്തിലെ കലയും മരിയയും പുതുജീവിതത്തിലേക്ക് ചുവടു വച്ചു. കല്ലറ ശ്രീശാരദാ ക്ഷേത്രനടയിൽ വച്ച് കൂവപ്പള്ളി സ്വദേശി ആൽബിൻ കുമാർ മരിയക്കും വൈക്കം ടി.വി പുരം സ്വദേശി കൃഷ്ണജിത്ത് കലയ്ക്കും താലി ചാർത്തി.
തോമസ് ചാഴിക്കാടൻ എം.പി., സി.കെ. ആശ എം.എൽ.എ., ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ എന്നിവരുടെ സാന്നിധ്യത്തിൽ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ കലയുടെയും കല്ലറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ മരിയയുടെയും കൈ പിടിച്ചു വരന്മാരെ ഏൽപ്പിച്ചു. വലിയൊരു ഉത്തരവാദിത്തം നിറവേറ്റിയ ചാരിതാർഥ്യമായിരുന്നു സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥർക്കും മഹിളാ മന്ദിരത്തിലെ മറ്റംഗങ്ങൾക്കും.
വധൂവരന്മാർ കേക്ക് മുറിച്ച് പരസ്പരം മധുരം പങ്കുവച്ചു. ജില്ലാ കളക്ടർ സമ്മാനിച്ച വിവാഹ സാരിയാണ് കലയും മരിയയും ധരിച്ചത്. മഹിളാമന്ദിരം സൂപ്രണ്ട് പി.എം. ഗീതാകുമാരി രണ്ടു പേരേയും വിവാഹ വേദിയിലേക്ക് ആനയിച്ചു. മോൻസ് ജോസഫ് എം.എൽ.എയും ജനപ്രതിനിധികളും ചടങ്ങിലെത്തി വധൂവരന്മാർക്ക് ആശംസകൾ നേർന്നു.
വനിതാ – ശിശു വികസന വകുപ്പ് ഒരു ലക്ഷം രൂപ ഇരുവർക്കും വിവാഹ ധനസഹായമായി അനുവദിച്ചിരുന്നു. ചടങ്ങിന് ശേഷം കല്ലറ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഒരുക്കിയ സ്‌നേഹ വിരുന്നിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു.
ജില്ലാ വനിതാ ശിശു വികസന ഓഫീസർ ജെബിൻ ലോലിത സെയ്ൻ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കെ.എസ്. മല്ലിക, വനിതാ പ്രൊട്ടക്ഷൻ ഓഫീസർ എൽ. അംബിക, തദ്ദേശ സ്ഥാപന പ്രതിനിധികൾ, വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക പ്രവർത്തകർ എന്നിവർ വിവാഹ ചടങ്ങിൽ പങ്കെടുത്തു. ജില്ലാ കളക്ടർ കുടുംബ സമേതമാണ് വിവാഹത്തിനെത്തിയത്.
കൂവപ്പള്ളി പുത്തൻവീട്ടിൽ സജീഷ് കുമാർ – ഷീബ ദമ്പതികളുടെ മകനാണ് ആൽബിൻ കുമാർ. ടി.വി. പുരം പീടികയിൽ കൃഷ്ണന്റെ മകനാണ് കൃഷ്ണജിത്ത്. അമ്മിണിയാണ് അമ്മ.
2018 ലാണ് മരിയ മഹിളാമന്ദിരത്തിലെത്തുന്നത്. എം.കോം പഠനം പൂർത്തിയാക്കി ഫലം കാത്തിരിക്കുകയാണ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന കല 2011 മുതൽ മഹിളാമന്ദിരത്തിലെ അംഗമാണ്. സാമൂഹികക്ഷേമ വകുപ്പിന്റെ കീഴിലുള്ള മഹിളാമന്ദിരത്തിൽ അപൂർവമായിട്ടാണ് രണ്ടു വിവാഹം ഒന്നിച്ചെത്തുന്നത്.
