നഗര പൊതുമരാമത്ത് പ്രവൃത്തികള്‍ അവലോകനം ചെയ്തു
കോഴിക്കോട്: സിഎച്ച് മേല്‍പ്പാലം ബലപ്പെടുത്തലും നവീകരണ പ്രവര്‍ത്തനങ്ങളും 2022 മെയ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. കോര്‍പറേഷന്‍ പരിധിയിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകനത്തിനും ആസൂത്രണത്തിനും നഗരത്തിലെ വെള്ളക്കെട്ടുകള്‍ ഉള്‍പ്പെടെയുള്ളവ ചര്‍ച്ച ചെയ്യാനുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോര്‍പറേഷന്‍ അധികൃതരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. പൊതുമരാമത്ത് വകുപ്പിന്റെയും എന്‍ഐടിയുടെയും സംയുക്ത വിദഗ്ധ സംഘം പാലത്തില്‍ പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യഘട്ട റിപ്പോര്‍ട്ട് ലഭിച്ചു. അന്തിമ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ പ്രവൃത്തി ആരംഭിക്കും. റിപ്പോര്‍ട്ട് ലഭിച്ച് മൂന്ന്-നാല് മാസത്തിനുള്ളില്‍ തന്നെ പ്രവൃത്തി പൂര്‍ത്തീകരിക്കാനാകുമെന്ന് പൊതുമരാമത്ത് പാലം വിഭാഗം ഉദ്യോഗസ്ഥർ യോഗത്തില്‍ അറിയിച്ചു. പ്രവൃത്തി നടക്കുന്ന സമയം പാലത്തിനടിയിലെ കടകള്‍ താല്‍ക്കാലികമായി മാറ്റുന്നതിന് വ്യാപാരികളുമായി ചര്‍ച്ച നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കോര്‍പറേഷന്‍ അധികൃതരെ ചുമതലപ്പെടുത്തി. എകെജി മേല്‍പ്പാല നവീകരണ പ്രവൃത്തിയും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കി. നഗരത്തിലെ പ്രധാനപാലങ്ങളില്‍ ടൂറിസവുമായി സഹകരിച്ച് വെളിച്ചസംവിധാനം ഒരുക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
നഗര റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഒന്നാംഘട്ടം നടപ്പാക്കിയതോടെ തന്നെ നഗരത്തിന് വലിയ മാറ്റമാണുണ്ടായതെന്ന് മന്ത്രി പറഞ്ഞു. രണ്ടാം ഘട്ടം കൂടി നടപ്പാക്കുമ്പോഴേക്കും നഗരത്തിലെ ഗതാഗതം സുഗമമാക്കാന്‍ കഴിയും. 20 വര്‍ഷത്തേക്ക് കൂടിയുള്ള ആവശ്യങ്ങള്‍ മുന്നില്‍ കണ്ടാണ് വകുപ്പ് പദ്ധതികള്‍ നടപ്പാക്കേണ്ടത്. രാമനാട്ടുകര മുതല്‍ വെങ്ങളം വരെ ആറുവരി പാതയാക്കുന്ന പ്രവൃത്തി ഇപ്പോള്‍ വളരെ വേഗത്തില്‍ നടക്കുന്നുണ്ട്. നഗരത്തിലെ ചില റോഡുകള്‍ കൂടി പൊതുമരാമത്ത് ഏറ്റെടുക്കണമെന്ന് കോര്‍പറേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ റോഡുകള്‍ ഏറ്റെടുക്കാന്‍ ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുന്ന മുറക്ക് പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു.
നഗര റോഡ് പുനരുദ്ധാരണ പദ്ധതിയുടെ രണ്ടാംഘട്ട പ്രവൃത്തികളുടെ വിശദമായ പദ്ധതിരേഖ (ഡിപിആര്‍) സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ മാര്‍ച്ചോടെ പൂര്‍ത്തീകരിക്കും. നഗരറോഡുകളുടെ ഡിസൈനിംഗ് മികച്ചതാകണം. സരോവരത്തിന് മുകളിലൂടെ നിര്‍മ്മിക്കുന്ന പാലം ടൂറിസത്തെ കൂടി മുന്നില്‍ കണ്ടുകൊണ്ടാകണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. നല്ല നാളേയ്ക്കായി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് എല്ലാവരില്‍ നിന്നും ഉണ്ടാകേണ്ടതെന്നും മന്ത്രി പറഞ്ഞു. നഗര റോഡുകള്‍, പൊതുമരാമത്ത് റോഡുകള്‍, കെട്ടിടങ്ങള്‍, പാലങ്ങള്‍, ദേശീയപാത റോഡുകള്‍ തുടങ്ങിയ പ്രവൃത്തികള്‍ യോഗത്തില്‍ വിലയിരുത്തി. പുതിയ പദ്ധതി നിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്തു.
നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനെ കുറിച്ച് ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ്‌ലോഹിത് റെഡ്ഡിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി. പ്രധാനമായും നന്തിലത്ത് ജംഗ്ഷന്‍, മൂന്നാലിങ്ങല്‍, തടമ്പാട്ട്താഴം എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് പ്രശ്‌നം പ്രധാനമായും നേരിടുന്നത്. നഗരത്തിലെ പ്രധാന പ്രശ്‌നമായ നന്തിലത്ത് ജംഗ്ഷനിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള മാര്‍ഗരേഖ യോഗത്തില്‍ അവതരിപ്പിച്ചു. സ്റ്റേഡിയം ജംഗ്ഷന്‍, കെഎസ്ആര്‍ടിസി, പുതിയറ, വൈഎംസിഎ, തുടങ്ങിയ ഭാഗത്ത് നിന്ന് വെള്ളം ഒഴുകിയെത്തുന്നത് താഴ്ന്ന ഭാഗമായ നന്തിലത്ത് ജംഗ്ഷനിലേക്കാണ്. ഇവിടെ നിന്ന് ബേബി മെമ്മോറിയല്‍ ആശുപത്രി ഭാഗത്ത് കനോലി കനാലില്‍ എത്തുന്ന വിധത്തില്‍ നാല് മീറ്റര്‍ വീതിയില്‍ ഓവുചാല്‍ നിര്‍മ്മിക്കുന്നത് മാര്‍ഗരേഖയില്‍ അവതരിപ്പിച്ചു. കൂടാതെ ബാലന്‍ കെ നായര്‍ റോഡിലെയും അഴകൊടി ക്ഷേത്രം റോഡിലെയും ഓവുചാലുകള്‍ തുറന്ന് വെള്ളം അതിലേക്കും ഒഴുക്കാമെന്ന നിര്‍ദ്ദേശവും മാര്‍ഗരേഖയില്‍ അവതരിപ്പിച്ചു.
മേയര്‍ ഡോ. ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയര്‍ സി.പി.മുസാഫര്‍ അഹമ്മദ്, കോര്‍പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, സെക്രട്ടറി കെ.യു.ബിനി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
