കാസര്‍കോട്: മത്സ്യബന്ധന ബോട്ടില്‍ നിന്നും കടലില്‍ തെറിച്ചുവീണ തൊഴിലാളി ജീവനുവേണ്ടി മല്ലിട്ടത് രണ്ട് ദിനരാത്രങ്ങള്‍. ജോസഫ് എന്ന 51 കാരനാണ് ജീവിതത്തിനും മരണത്തിനുമിടയില്‍ 30 മണിക്കൂര്‍ കഴിഞ്ഞത്. ഒടുവില്‍ മത്സ്യതൊഴിലാളികളുടെയും തീരദേശ പോലീസിന്റെയും സഹായത്തോടെ ജീവിതത്തിലേക്ക് നീന്തിക്കയറുകയായിരുന്നു തമിഴ്നാട്ടിലെ രാമപുരം സ്വദേശിയായ ജോസഫ്.
കാസര്‍കോട് കീഴൂര്‍ കടപ്പുറത്തുനിന്നും മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് 2022 ജനുവരി 7ന് വെളളിയാഴ്ച വൈകുന്നേരം കരയില്‍ നിന്നും ഏകദേശം 40 നോട്ടിക്കല്‍ മൈലകലെ കടലില്‍ കമഴ്ന്ന് കിടക്കുന്ന നിലയില്‍ ജോസഫിനെ കണ്ടെത്തിയത്.
ദിനേശന്, സുരേഷ്,ശൈലേഷ് എ്നിവരടങ്ങിയ സംഘം അടുത്തെത്തി നോക്കിയപ്പോള്‍ ജീവനുളളതായി സംശയം തോന്നിയതിനെ തുടര്‍ന്ന് ബോട്ടിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. മത്സ്യതൊഴിലാളികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തളങ്കര തീരദേശ പോലീസ് സ്റ്റേഷനിലെ പോലീസ് സംഘവും കോസ്റ്റല്‍ ഗാര്‍ഡും സഹായത്തിനെത്തി.
കരക്കെത്തിച്ച ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ച് അടിയന്തിര ചികിത്സകള്‍ നല്കി. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ജനുവരി 6 വ്യാഴാഴ്ച പുലര്‍ച്ചെയാണ് മത്സ്യ ബന്ധനത്തിനായി ജോസഫ് കടലിലേക്ക് പുറപ്പെട്ടത്. വലവിരിക്കുന്നതിനിടയില്‍ കടലില്‍ വീണുപോയതാണെന്ന് സംശയിക്കുന്നു. ഒപ്പമുണ്ടായിരുന്നവര്‍ സമീപത്തെല്ലാം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് മംഗളൂരു പാണ്ഡേശ്വരം സ്റ്റേഷനില്‍ വിവരമറിയിച്ചിരുന്നു.
