റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജീവനൊടുക്കിയ വനിത മാനേജര്‍ വീടുണ്ടാക്കാനെടുത്ത വായ്പ അടച്ചുതീര്‍ക്കാന്‍ നോട്ടീസ് അയച്ച് കാനറ ബാങ്ക്

January 14, 2022 - 10:03 am

തൃശൂര്‍: ജോലിയിലെ സമ്മര്‍ദ്ദം താങ്ങാനാവാത്തതിനെ തുടര്‍ന്ന് ജീവനൊടുക്കിയ വനിത മാനേജര്‍ വീടുണ്ടാക്കാനെടുത്ത വായ്പ അടച്ചുതീര്‍ക്കാന്‍ നോട്ടീസ് അയച്ച് കാനറ ബാങ്ക്. അച്ഛനില്ലാത്ത പറക്കമുറ്റാത്ത രണ്ട് മക്കളെ ഭര്‍തൃമാതാപിതാക്കളുടെ അടുത്ത് ആക്കിയ ശേഷമായിരുന്നു വിദൂര ജില്ലയില്‍ ജോലി ചെയ്യവെയാണ് തൃശൂര്‍ മണ്ണുത്തി മുല്ലക്കര സാബു നിവാസില്‍ കെ.എസ്. സ്വപ്‌ന ജീവനൊടുക്കിയത്.

ഇപ്പോള്‍ സ്വപ്‌നയ്ക്ക് കനറാ ബാങ്ക് തിരുവനന്തപുരം സര്‍ക്കിള്‍ റിക്കവറി ആന്‍ഡ് ലീഗല്‍ സെക്ഷന്‍ നോട്ടീസയച്ചിരിക്കുന്നത്. കാനറ ബാങ്ക് കണ്ണൂര്‍ തൊക്കിലങ്ങാടി ശാഖ മാനേജര്‍ ആയിരിക്കെയായിരുന്നു സ്വപ്‌ന ഓഫീസില്‍ ജീവനൊടുക്കിയത്. ‘മക്കളെ ഉപേക്ഷിച്ച് ജോലിക്കെത്തിയ തനിക്ക് ജോലിയിലെ സമ്മര്‍ദം താങ്ങാവുന്നതിലപ്പുറമാണ്’ എന്ന് എഴുതി വെച്ച ശേഷമായിരുന്നു ആത്മഹത്യ.

വീട് നിര്‍മാണത്തിനായി വായ്പയെടുത്ത 50 ലക്ഷം രൂപയില്‍ ഗഡുക്കളായി തിരിച്ച അടച്ചത് കഴിച്ച് ഒറ്റത്തവണ തീര്‍പ്പാക്കല്‍ വ്യവസ്ഥയില്‍ 43.94 ലക്ഷം രൂപ അടക്കണമെന്നും ഇതിനായി ഈ മാസം 15ന് തൃശൂര്‍ റീജനല്‍ ഓഫീസില്‍ നടക്കുന്ന അദാലത്തില്‍ പങ്കെടുക്കണമെന്നാണ് സ്വപ്‌നയുടെ പേരില്‍ ലഭിച്ച നോട്ടീസില്‍ പറയുന്നത്. സ്വപ്‌നയുടെ രണ്ട് കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന വയോധികരായ ഭര്‍തൃപിതാവും മാതാവും നോട്ടീസ് ലഭിച്ച ആശങ്കയിലാണ്.

2018 ഡിസംബറിലാണ് 41-ാം വയസില്‍ സ്വപ്‌നയുടെ ഭര്‍ത്താവ് കെ എസ് സാബു ഹൃദയാഘാതം മൂലം മരിക്കുന്നത്. ഈ സമയം സ്വപ്‌ന കാനറാ ബാങഘ്ക് ബംഗളൂരു കന്റോണ്‍മെന്റ് ശാഖയില്‍ അസിസ്റ്റന്റ് മാനേജര്‍ ആയിരുന്നു. കുഞ്ഞുങ്ങളുടെ സംരക്ഷണമുള്ളതിനാല്‍ സ്വപ്‌നയ്ക്ക് തൃശൂര്‍ പടിഞ്ഞാറേക്കോട്ട ശാഖയിലേക്ക് മാറ്റം ലഭിച്ചു. എന്നാല്‍, മാനേജരായി സ്ഥാനക്കയറ്റത്തോടൊപ്പം 2020 സെപ്റ്റംബറില്‍ കണ്ണൂര്‍ തൊക്കിലങ്ങാടി ശാഖയിലേക്ക് മാറ്റി.

ചെറിയ കുട്ടികളുടെ സംരക്ഷണമുള്ള വിധവകള്‍ക്ക് അവര്‍ക്ക് സൗകര്യപ്രദമായ സ്ഥലത്ത് ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന വ്യവസ്ഥ അവഗണിച്ചായിരുന്നു ബാങ്കിന്റെ നടപടി.

ജോലി കളഞ്ഞാല്‍ മുമ്പില്‍ വരുമാന മാര്‍ഗം മറ്റൊന്നും ഇല്ലാതിരുന്ന സ്വപ്ന കുട്ടികളെ ഭര്‍തൃപിതാവിനും മാതാവിനും ഒപ്പമാക്കി കണ്ണൂരില്‍ താമസമാക്കി. ജോലിയിലെ കടുത്ത സമ്മര്‍ദവും ദൂരെയുള്ള മക്കളെച്ചൊല്ലിയുള്ള ആധിയും താങ്ങാനാവാതെ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒമ്പതിന് സ്വപ്‌ന ജീവനൊടുക്കി.

2017ല്‍ സ്വപ്ന ഭര്‍ത്താവിന്റെ വീടിനോട് ചേര്‍ന്ന് വീടുണ്ടാക്കാന്‍ 50 ലക്ഷം രൂപ കനറാ ബാങ്കില്‍നിന്ന് വായ്പയെടുത്തിരുന്നു. പത്ത് ലക്ഷം രൂപ ഓവര്‍ ഡ്രാഫ്റ്റും എടുത്തു.

2020 ഓഗസ്റ്റില്‍ വീട് നിര്‍മ്മാണം പൂര്‍ത്തിയായി. കിട്ടാക്കടത്തില്‍ ഈ വായ്പ ഉള്‍പ്പെടുത്തി ബാങ്ക് നടപടി തുടങ്ങിയിരിക്കുകയാണ്. സ്വപ്ന എടുത്ത വായ്പ പൂര്‍ണമായും എഴുതിത്തള്ളണമെന്നും കുട്ടികളുടെ പഠനത്തിനും തുടര്‍ന്നുള്ള ആവശ്യങ്ങള്‍ക്കും പ്രത്യേക നഷ്ടപരിഹാരം അനുവദിക്കണമെന്നും വിദ്യാഭ്യാസം പൂര്‍ത്തിയാകുമ്പോള്‍ സ്വപ്നയുടെ മകന് ജോലി നല്‍കണമെന്നും അപേക്ഷിച്ച് ഭര്‍തൃപിതാവ് കെ.പി. ശ്രീധരനും മാതാവ് കെ. രുഗ്മിണിയും കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 20ന് കനറാ ബാങ്ക് കേരള സര്‍ക്കിള്‍ ജനറല്‍ മാനേജര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇത് ബംഗളൂരു ഹെഡ് ഓഫിസിലേക്ക് അയച്ചെന്നല്ലാതെ വേറെ മറുപടിയൊന്നും ലഭിച്ചില്ല.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *