ന്യൂഡല്‍ഹി: പ്രജാക്ഷേമ പ്രവര്‍ത്തനങ്ങള്‍ അലസതകൂടാതെ നിര്‍വഹിക്കുകയെന്നതാണു രാജാവിന്റെ കര്‍ത്തവ്യമെന്നു മഹാഭാരത ശ്ലോകത്തിലൂന്നി ബജറ്റ് പ്രസംഗത്തിനിടെ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍.ഇതിഹാസകാവ്യത്തിലെ ശാന്തി പര്‍വത്തില്‍നിന്നുള്ള ശ്ലോകം ഉദ്ധരിച്ചായിരുന്നു ധനമന്ത്രിയുടെ ഓര്‍മപ്പെടുത്തല്‍.
ധര്‍മാനുസരിയായിട്ടായിരിക്കണം രാജാവിന്റെ ഭരണം. അതില്‍ അലസത പ്രകടിപ്പിക്കരുത്. ജനക്ഷേമ വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള ക്രമീകരണങ്ങള്‍ ഉറപ്പാക്കേണ്ട ബാധ്യത രാജാവിനുണ്ട്. നികുതിപിരിവിലടക്കം ധാര്‍മികത പാലിക്കണം-എന്നിങ്ങനെ അര്‍ഥമാക്കുന്ന ശ്ലോകമാണു ധനമന്ത്രി ഉദ്ധരിച്ചത്.
പുരാണേതിഹാസങ്ങളില്‍നിന്നുള്ള വിജ്ഞാനം അടിത്തറയാക്കി വികസനപാതയില്‍ സര്‍ക്കാര്‍ മുന്നേറുകയാണെന്നും അവര്‍ പറഞ്ഞു. ധനികര്‍ക്കായുള്ള ബജറ്റാണിതെന്നായിരുന്നു മഹാഭാരത കഥാപാത്രങ്ങളെ അവതരിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രതികരണം. മനസിലാക്കിയിടത്തോളം ഏകലവ്യനല്ല, അര്‍ജുനനും ദ്രോണാചാര്യര്‍ക്കും വേണ്ടിയുള്ള ബജറ്റാണിത്. ഇതില്‍ പാവപ്പെട്ടവര്‍ക്കുള്ള യാതൊന്നുമില്ല. നിഷാദ രാജകുമാരനായ ഏകലവ്യനെ പാടേ അവഗണിച്ചെന്നും ഖാര്‍ഗെ തിരിച്ചടിച്ചു.
