റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി

February 7, 2022 - 9:28 am

തിരുവനന്തപുരം: വിദേശ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. രാജ്ഭവനിലെത്തിയാണ് മുഖ്യമന്ത്രി ഗവർണ്ണറെ കണ്ടത്. കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു. വിവാദമായ ലേകായുക്ത നിയമഭേദഗതി ഓർഡിനൻസിനെ കുറിച്ച് മുഖ്യമന്ത്രി ​ഗവർണറോട് വിശദീകരിച്ചു. ഓർഡിനൻസ് ഭരണഘടനയനുസരിച്ചാണെന്ന് മുഖ്യമന്ത്രി ​ഗവർണറെ അറിയിച്ചു. ഓർഡിനൻസിൽ ഇനി ഗവർണ്ണറുടെ നിലപാട് നിർണ്ണായകമാണ്.

ഓർഡിനൻസ് കൊണ്ട് വരാനിടയായ സാഹചര്യം മുഖ്യന്ത്രി ഗവർണറോട് വിശദികരിച്ചു. നിലവിലെ നിയമത്തിൽ ഭരണഘടന വിരുദ്ധമായ വകുപ്പ് ഉണ്ടെന്നും അത് കൊണ്ടാണ് നിയമ ഭേദഗതി കൊണ്ട് വന്നതെന്നും മുഖ്യമന്ത്രി ​ഗവർണറോട് വിശദീകരിച്ചു. നിലവിലെ ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭരണഘടന വിരുദ്ധമാണ്. ഇക്കാര്യത്തിൽ സർക്കാരിന് നിയമോപദേശം ലഭിച്ചുവെന്നും മുഖ്യമന്ത്രി ​ഗവർണറെ അറിയിച്ചു. സർവകലാശാലകളിൽ രാഷ്ട്രീയ ഇടപെടലിന് സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി ​ഗവർണറോട് വിശദീകരിച്ചു.

വിവാദ ഓർഡിനൻസിൽ ഗവർണ്ണർ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഗവർണ്ണർ ഓർഡിനൻസിൽ ഒപ്പ് വച്ചാൽ സർക്കാരിന് ഗുണമാകും. പ്രതിപക്ഷത്തിനാകട്ടെ വലിയ തിരിച്ചടിയായി അത് മാറുകയും ചെയ്യും. പ്രതിപക്ഷം നിയമനടപടികളിലേക്ക് നീങ്ങുമെന്നും ഉറപ്പാണ്. അതേസമയം ഓർഡിനൻസ് തിരിച്ചയച്ചാൽ സർക്കാരിനാകും കനത്ത തിരിച്ചടി. സി പി ഐ അടക്കം എതിർപ്പ് പരസ്യമാക്കിയ സാഹചര്യത്തിൽ സിപിഎമ്മിന് അതൊരു ക്ഷീണവുമാകും.

ലോകായുക്ത നിയമത്തിലെ 14 ആം വകുപ്പ് പ്രകാരം പൊതുപ്രവർത്തകർ അഴിമതി നടത്തിയാൽ പദവിയിൽ നിന്ന് നീക്കം ചെയ്യാം എന്ന വ്യവസ്ഥ ഭരണഘടന വിരുദ്ധമാണെന്നാണ് സർക്കാർ ഗവർണ്ണറെ അറിയിച്ചത്. ലോക്പാൽ നിയമം നിലവിലുള്ള സാഹചര്യത്തിൽ ലോകായുക്ത സംസ്ഥാന വിഷയമാണ്. അതുകൊണ്ട് നിയമഭേദഗതി സംസ്ഥാന സർക്കാരിന് തന്നെ വരുത്താം. നിയമത്തിൽ മാറ്റം വരുത്താൻ രാഷ്ട്രപതിയുടെ അംഗീകാരം വേണ്ടെന്നും സർക്കാർ ഗവർണ്ണർക്ക് നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കുന്നുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *