തൃശ്ശൂർ: ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊടുങ്ങല്ലൂരിലാണ് സംഭവം. ഉഴവത്തുകടവ് സ്വദേശിയും സോഫ്റ്റ് വെയർ എൻജിനീയറുമായ ആഷിഫ്(41) ഭാര്യ അബീറ, മക്കളായ അസ്‌റ(14) അനൈ നുനിസ്സ(7) എന്നിവരെയാണ് വീട്ടിലെ മുകൾനിലയിലെ മുറിക്കുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വിഷവാതകം ശ്വസിച്ച് ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
രാവിലെ ഒമ്പത് മണിയായിട്ടും ഇവർ മുറിയിൽനിന്നും പുറത്തേക്ക് വരാതിരുന്നതോടെയാണ് താഴത്തെനിലയിലുണ്ടായിരുന്ന സഹോദരി മുകൾ നിലയിലെത്തി പരിശോധിച്ചത്. എന്നാൽ ആഷിഫിന്റെ മുറിയുടെ വാതിൽ അകത്തുനിന്ന് അടച്ചിട്ടനിലയിലായിരുന്നു. തുടർന്ന് വാതിൽ ചവിട്ടിത്തുറന്ന് അകത്തുകടന്നതോടെയാണ് നാലുപേരെയും മുറിക്കുള്ളിൽ മരിച്ചനിലയിൽ കണ്ടത്.മുറിയിൽ ഒരു പാത്രത്തിൽ എന്തോ വാതകം പുകച്ചിരുന്നതായും കുടുംബാംഗങ്ങൾ പറഞ്ഞു.
സംഭവം ആത്മഹത്യയാണെന്നും പോലീസ് കരുതുന്നു. വിഷവാതകം മുറിയിൽനിന്ന് പുറത്തേക്ക് പോകാതിരിക്കാൻ ജനലുകളെല്ലാം അടച്ചിരുന്നു. മുറിയിലെ വെന്റിലേറ്ററടക്കം ടാപ്പ് കൊണ്ട് അടയ്ക്കുകയും ചെയ്തിട്ടുണ്ട്. ആഷിഫിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു.വിവരമറിഞ്ഞെത്തിയ കൊടുങ്ങല്ലൂർ പോലീസ് സംഭവസ്ഥലത്ത് പരിശോധന നടത്തിവരികയാണ്
