റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാകുളം: കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ കരുതലുമായി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്

February 21, 2022 - 5:23 pm

എറണാകുളം: അടിസ്ഥാന മേഖലയായ കൃഷിയിലൂടെയുള്ള വികസനമാണ് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. പുതിയ പ്രതീക്ഷകളെ സംബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീര്‍ പറയുന്നു.

കൃഷിക്ക് കൂടുതല്‍ കരുതല്‍

കാര്‍ഷിക ഉന്നനമനത്തിനായുള്ള വിവിധ പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പിലാക്കുന്നത്.  ജൈവപച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക, വിഷരഹിത പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുക, കൃഷിയോടുള്ള താല്‍പര്യം കൂടുതല്‍ പേരിലേക്കെത്തിക്കുക, കുട്ടികളില്‍ കൃഷിയോടുള്ള ഇഷ്ടം ജനിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ജീവനി പദ്ധതിയിലൂടെ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി. കര്‍ഷകര്‍ ഉത്പാദിക്കുന്ന വിളകള്‍ ന്യായമായ വിലയില്‍ വിറ്റഴിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി, നെല്ലിമറ്റത്ത് കാര്‍ഷിക വിപണനകേന്ദ്രം ഒരുങ്ങുകയാണ്. ഒരു മാസത്തിനുള്ളില്‍ കേന്ദ്രം പ്രവര്‍ത്തനസജ്ജമാകും.

സ്വയംസഹായ സംഘങ്ങള്‍ക്ക് ഗ്രാഫ്റ്റ് പച്ചക്കറിത്തൈകള്‍, ജൈവവളങ്ങളും കീടനാശിനികളും ലഭ്യമാക്കല്‍, ഗ്രോബാഗ് വിതരണം, സ്‌കൂളുകളില്‍ ഗ്രോബാഗ് പച്ചക്കറി കൃഷി, പരമ്പരാഗത കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കിഴങ്ങുവര്‍ഗ വിത്തുകളുടെ കിറ്റ്, തേനീച്ച വളര്‍ത്തല്‍ പരിശീലനവും സഹായവും തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. കൃഷിയുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കായി ഈ വര്‍ഷം 39.76 ലക്ഷം രൂപ ചെലവഴിച്ചു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ തുക വകയിരുത്തി കര്‍ഷകരുടെ താത്പര്യം കൂടി പരിഗണിച്ച് നൂതന പദ്ധതികള്‍ നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. 

ക്ഷീര കൃഷി മേഖലയ്ക്ക് പ്രത്യേക ഊന്നല്‍ 

ആദ്യമായി ക്ഷീരകര്‍ഷകര്‍ക്ക് കാലീത്തീറ്റയ്ക്ക് സബ്സിഡി ഏര്‍പ്പെടുത്തിയ ബ്ലോക്ക് പഞ്ചായത്താണ് കോതമംഗലം. പശുവളര്‍ത്തല്‍ വരുമാനമാര്‍ഗമായി സ്വീകരിച്ച നിരവധി കര്‍ഷകരുള്ള പ്രദേശമെന്ന നിലയില്‍, എല്ലാമാസവും പാലിന് ഇന്‍സെന്റീവ് നല്‍കുന്ന പദ്ധതി ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തിട്ടുണ്ട്. 10 ചാക്ക് കാലിത്തീറ്റ വാങ്ങുമ്പോള്‍ ഒരു ചാക്ക് കാലിത്തീറ്റ സൗജന്യമായി നല്‍കുന്ന പദ്ധതിയും കോതമംഗലം ബ്ലോക്കിനുണ്ട്. ഈ വര്‍ഷം ക്ഷീരമേഖലയില്‍ 44 ലക്ഷം രൂപയാണ് ചെലവഴിച്ചത്. വരും വര്‍ഷങ്ങളില്‍ ക്ഷീരകര്‍ഷകര്‍ക്ക് കൂടുതല്‍ താങ്ങാകുന്ന പദ്ധതികള്‍ രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ആദിവാസി വിഭാഗത്തിന് പ്രത്യേക പരിഗണന

എറണാകുളം ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആദിവാസി ഊരുകളുള്ളത് കോതമംഗലത്താണ്. പതിനഞ്ചെണ്ണം. അതിനാല്‍ തന്നെ ആ വിഭാഗത്തിനു പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. പ്രസ്തുത മേഖലകളിലെ കൃഷിവികസനത്തിനായി കുരുമുളക് തൈകളും ജാതി തൈകളും വിതരണം നടത്തി. ധാന്യകൃഷിക്കുള്ള സഹായവും ലഭ്യമാക്കിയിട്ടുണ്ട്. പല ഊരുകളിലും കുടിവെള്ളം ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അതിനുള്ള പരിഹാര പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം

കുടിവെള്ളക്ഷാമമുള്ള നിരവധി പ്രദേശങ്ങള്‍ കോതമംഗലം ബ്ലോക്ക് പഞ്ചായത്തിലുണ്ട്. ഈ പ്രദേശങ്ങളെ കണ്ടെത്തി അതാതു മേഖലകളില്‍ കുടിവെള്ള പദ്ധതികള്‍ ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പലയിടത്തും നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചുകഴിഞ്ഞു. അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ ബ്ലോക്കിലെ കുടിവെള്ളക്ഷാമത്തിനു ശാശ്വത പരിഹാരം എന്നതാണു ഭരണസമിതിയുടെ ലക്ഷ്യം. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഈ ഇനത്തില്‍ 2.62 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണു പുരോഗമിക്കുന്നത്.

എല്ലാവര്‍ക്കും പാര്‍പ്പിടം ഒരുക്കും

കോതമംഗലം ബ്ലോക്കില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതും സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തതുമായ ധാരാളം കുടുംബങ്ങളുണ്ട്. അവര്‍ക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ ഭരണസമിതി പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. ജനറല്‍, പട്ടികവര്‍ഗ വിഭാഗങ്ങളിലായി ലൈഫ് മിഷന്‍ പദ്ധതിക്ക് 1.35 കോടി രൂപയാണ് ഇതുവരെ നല്‍കിയത്.

വനിതകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക പരിഗണന

ഈ വര്‍ഷം 51.37 ലക്ഷം രൂപയാണ് വനിതാ ക്ഷേമത്തിനായി ഉപയോഗിക്കുന്നത്. വനിതാ ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ സബ്സിഡി നല്‍കുന്ന പദ്ധതിയും ബ്ലോക്ക് പഞ്ചായത്ത് വിഭാവനം ചെയ്യുന്നുണ്ട്. കുട്ടികളുടെ മാനസിക വളര്‍ച്ച ലക്ഷ്യമിട്ട് ബ്ലോക്കിലെ അങ്കണവാടികളെല്ലാം സ്മാര്‍ട്ടാക്കാനുള്ള ഉദ്യമം പുരോഗമിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 14 അങ്കണവാടികളെയാണ് സ്മാര്‍ട്ട് നിലവാരത്തിലേക്ക് ഉയര്‍ത്തിയത്. മികച്ച അടിസ്ഥാന സൗകര്യമുള്ള കെട്ടിടം,  കുട്ടികള്‍ക്ക് കളിക്കാനും പഠിക്കാനുമുള്ള ഉപകരണങ്ങള്‍, ടി.വി തുടങ്ങിയ സൗകര്യങ്ങളാണ് സ്മാര്‍ട്ട് അങ്കണവാടികളില്‍ ഒരുക്കിയിരിക്കുന്നത്. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ബ്ലോക്കിലെ 236 അങ്കണവാടികളും സ്മാര്‍ട്ടാക്കാനാണ് ലക്ഷ്യമിടുന്നത്. 

കോതമംഗലത്ത് ഒരു പൊതുശ്മശാനമില്ല എന്നത് ജനങ്ങളെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അത് തിരിച്ചറിഞ്ഞ്, ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൊതുശ്മശാനം സ്ഥാപിക്കാനുള്ള നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. പിണ്ടിമന പഞ്ചായത്തില്‍ അതിനാവശ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. പദ്ധതിക്കായി 63 ലക്ഷം രൂപയാണു വകയിരുത്തിയിട്ടുള്ളത്.  അടുത്ത സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ തന്നെ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *