കീവ്: റഷ്യയിലുള്ള തങ്ങളുടെ പൗരന്മാരോട് മടങ്ങാന്‍ യു.എസ്. നിര്‍ദേശിച്ചിട്ടുണ്ട്. മടക്കയാത്രയ്ക്കു രാജ്യത്തിന്റെ സഹായം ലഭിക്കില്ല. മോസ്‌കോ, സെന്റ് പീറ്റേഴ്സ്ബര്‍ഗ്, യുക്രൈനുമായി അതിര്‍ത്തി പങ്കിടുന്ന മറ്റ് റഷ്യന്‍ നഗരങ്ങള്‍ എന്നിവിടങ്ങളിലുള്ള യു.എസ്. പൗരന്മാര്‍ ജാഗ്രത പുലര്‍ത്തണം. യുക്രൈന്‍ ജനതയുടെ മനുഷ്യാവകാശം റഷ്യ ലംഘിക്കുന്നെന്ന് ആരോപിച്ചു യു.എസ്. പ്രതിനിധി ബേത്സേബ നീല്‍ ക്രോക്കര്‍ മനുഷ്യാവകാശം സംബന്ധിച്ച യു.എന്‍. ഹൈക്കമ്മിഷണറെ സമീപിച്ചിട്ടുണ്ട്. യുക്രൈന്‍ അതിര്‍ത്തിയില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ റഷ്യന്‍ പടനീക്കം വ്യക്തമാണെന്നു പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിര്‍ത്തിയില്‍ സൈനിക ആശുപത്രികള്‍ വരെ റഷ്യ സജ്ജമാക്കിയെന്നാണു റിപ്പോര്‍ട്ട്.
