റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: ജലഗുണനിലവാര പരിശോധനാ ലാബ് ഉദ്ഘാടനം ചെയ്തു

March 7, 2022 - 9:49 pm

കോഴിക്കോട്: ഹരിതകേരളം മിഷന്‍ ജലഉപമിഷന്റെ ഭാഗമായി നീലേശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍  സ്ഥാപിച്ച ജലഗുണനിലവാര പരിശോധനാ ലാബ് എംഎല്‍എ ലിന്റോ ജോസഫ് നാടിനു സമര്‍പ്പിച്ചു. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളുകളിലെ കെമിസ്ട്രി ലാബുകള്‍ പ്രയോജനപ്പെടുത്തി ഹരിത കേരളം മിഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവമ്പാടി മുന്‍ എംഎല്‍എ ജോര്‍ജ്ജ് എം തോമസിന്റെ പ്രത്യേക വികസന നിധിയില്‍ നിന്നും 1.6 ലക്ഷം രൂപ  വകയിരുത്തിയാണ് ലാബ് സജ്ജീകരിച്ചത്.

ജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് പ്രാഥമിക ലാബ് സൗകര്യം എല്ലാ തദ്ദേശഭരണ സ്ഥാപനതലത്തിലും സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി വിഭാവനം ചെയ്തത്. ജലപരിശോധനയുമായി ബന്ധപ്പെട്ട്  ജലത്തിന്റെ നിറം, ഗന്ധം, പി.എച്ച് മൂല്യം, വൈദ്യുത ചാലകത, ലവണ സാന്നിധ്യം, ലയിച്ചു ചേര്‍ന്നിട്ടുള്ള ഖര പദാര്‍ത്ഥങ്ങളുടെ അളവ്, നൈട്രേറ്റിന്റെ അളവ്, അമോണിയയുടെ അളവ്, കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം എന്നിവയാണ് ഈ ലാബുകളില്‍ പ്രധാനമായും പരിശോധിക്കുന്നത്. സ്‌കൂളിലെ കെമിസ്ട്രി അധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ കൂടെ പങ്കാളിത്തത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ജലപരിശോധന സംബന്ധിച്ച് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ഇതിനോടകം ഓണ്‍ലൈന്‍ പരിശീലനം നല്‍കിയിട്ടുണ്ട്.

നീലേശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മുക്കം നഗരസഭാ കൗണ്‍സിലര്‍ പി ടി ബാബു അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ പി പ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ പ്രജിത പ്രദീപ്, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ഇ സത്യനാരായണന്‍, കൗണ്‍സിലര്‍മാരായ അനിത കുമാരി, കല്ല്യാണികുട്ടി, വേണുഗോബാലന്‍ മാസ്റ്റര്‍, ഹെഡ്മാസ്റ്റര്‍ കെ വി അബ്ദുള്‍ മജീദ്, പ്രിന്‍സിപ്പാള്‍ വി കെ പ്രസാദ്, പി ടി എ പ്രസിഡന്റ് എം കെ യാസര്‍, പി വി സാദിഖ്, വിദ്യാര്‍ത്ഥികള്‍ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *