മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റിലെ പിന്തുടര്‍ന്നു ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന നാലാമത്തെ സ്‌കോറുമായി അരങ്ങേറ്റക്കാരായ ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. നിലവിലെ ചാമ്പ്യന്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ ആറ് വിക്കറ്റിനാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ കിങ്സ് ഏഴ് വിക്കറ്റിന് 210 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത സൂപ്പര്‍ ജയന്റ്സ് കളി തീരാന്‍ മൂന്ന് പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു.
ഐ.പി.എല്ലിലെ ഏറ്റവും ഉയര്‍ന്ന പിന്തുടര്‍ന്നു നേടിയ ജയം രാജസ്ഥാന്‍ റോയല്‍സിന്റേതാണ്. ഷാര്‍ജയില്‍ നടന്ന 2020 സീസണില്‍ പഞ്ചാബ് കിങ്സിനെതിരേ 224 റണ്‍ പിന്തുടര്‍ന്നു ജയിച്ചാണു റോയല്‍സ് റെക്കോഡിട്ടത്. 23 പന്തില്‍ മൂന്ന് സിക്സറും ആറ് ഫോറുമടക്കം 55 റണ്ണുമായി പുറത്താകാതെനിന്ന എവിന്‍ ലൂയിസാണു ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ വിജയ ശില്‍പ്പി. ആയുഷ് ബദോനി (ഒന്‍പത് പന്തില്‍ രണ്ട് സിക്സറുകളടക്കം പുറത്താകാതെ 19) ലൂയിസിനൊപ്പംനിന്നു.ക്വിന്റണ്‍ ഡി കോക്ക് (45 പന്തില്‍ 61), നായകന്‍ ലോകേഷ് രാഹുല്‍ (26 പന്തില്‍ മൂന്ന് സിക്സറും രണ്ട് ഫോറുമടക്കം 40) എന്നിവര്‍ ഓപ്പണിങ് വിക്കറ്റില്‍ 99 റണ്ണിന്റെ കൂട്ടുകെട്ടുമായി ലഖ്നൗവിനു മികച്ച തുടക്കം നല്‍കി. ക്വിന്റണിനെ ദിമിത്രി പിട്രോറിയസും രാഹുലിനെ തുഷാര്‍ ദേശ്പാണ്ഡെയും പുറത്താക്കി. മൂന്നാമനായി ഇറങ്ങിയ മനീഷ് പാണ്ഡെയും (അഞ്ച്) ദേശ്പാണ്ഡെയ്ക്കു മുന്നില്‍ കീഴടങ്ങി.
പിച്ചില്‍ മഞ്ഞു വീഴ്ച നന്നായുള്ളതിനാല്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് കൂടുതല്‍ എളുപ്പമാണ്. അതുകൊണ്ടു തന്നെ കിട്ടുന്ന അവസരങ്ങള്‍ പരമാവധി മുതലാക്കണം. ലഖ്‌നൗവിനെതിരേ സി.എസ്.കെ. നിരവധി ഫീല്‍ഡിങ് പിഴവുകള്‍ വരുത്തി. മോയിന്‍ അലി ക്വിന്റണ്‍ ഡി കോക്കിനെ തുടക്കത്തിലേത്തന്നെ വിട്ടുകളഞ്ഞു. തുഷാര്‍ ദേശപാണ്ഡെയും ക്യാച്ച് കളഞ്ഞു. ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയതു മത്സരത്തെ മാറ്റിമറിച്ചു.
ഓപ്പണിങ് വിക്കറ്റില്‍ ഡി കോക്കും നായകന്‍ കൂടിയായ ലോകേഷ് രാഹുലും ചേര്‍ന്ന് 99 റണ്ണാണു കൂട്ടിച്ചേര്‍ത്തത്. ശിവം ദുബെയെ 19-ാം ഓവര്‍ എറിയിച്ചതും നിര്‍ണായകമായി. നായകന്‍ രവീന്ദ്ര ജഡേജ, മോയിന്‍ അലി എന്നിവരുടെയെല്ലാം ഓവര്‍ ബാക്കിയുണ്ടായിരുന്നു. ജഡേജ രണ്ടോവറില്‍ 21 റണ്ണും മോയീന്‍ അലി ഒരോവറില്‍ 14 റണ്ണും വിട്ടുകൊടുത്ത സാഹചര്യത്തിലാണു ദുബെയെ പന്തേല്‍പ്പിച്ചത്. ദുബെയെ മധ്യ ഓവറിലേക്കു മാറ്റി ഡെത്ത് ഓവറുകളിലേക്കു പേസറെ മാറ്റിവയ്ക്കാന്‍ ജഡേജയ്ക്കായില്ല. 25 റണ്ണാണ് ആ ഓവറില്‍ പിറന്നത്. ആദ്യ പന്ത് സിക്സര്‍ പറത്തിയ ആയുഷ് ബദോനി നയം വ്യക്തമാക്കി. തുടരെ രണ്ട് വൈഡുകള്‍ എറിഞ്ഞ് ദുബെ ധാരാളിയുമായി. അടുത്ത രണ്ടു പന്തുകളിലായി ലഖ്നൗ നേടിയത് മൂന്ന് റണ്‍. നാലും അഞ്ചും പന്തുകള്‍ നേരിട്ട ലൂയിസ് തുടരെ ഫോറടിച്ചു. അവസാന പന്ത് ലോങ് ഓഫിലൂടെ കൂറ്റന്‍ സിക്സറിനും പറത്തി.
അതോടെ അവസാന ഓവറില്‍ ലഖ്നൗവിനു ജയിക്കാന്‍ വേണ്ടിയിരുന്നത് ഒന്‍പത് റണ്‍. അവസാന ഓവര്‍ എറിഞ്ഞ മുകേഷ് ചൗധരിക്കും പിഴച്ചു. രണ്ടു പന്തുകള്‍ തുടരെ വൈഡായി. ആദ്യ പന്ത് ബദോനി സിക്സറിനു പറത്തി. അതോടെ സ്‌കോര്‍ തുല്യമായി. മൂന്നാമത്തെ പന്തില്‍ സിംഗിള്‍ എടുത്തതോടെ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് സൂപ്പര്‍ ജയം സ്വന്തം.
