റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോണ്‍ഗ്രസില്‍ ചേരാനുള്ള ക്ഷണം നിരസിച്ച് പ്രശാന്ത് കിഷോര്‍

April 27, 2022 - 5:43 pm

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ചേരാനുള്ള ക്ഷണം നിരസിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായി പ്രശാന്ത്തന്നെ നിര്‍ദേശിച്ചപ്രകാരം രൂപീകരിച്ച എട്ടംഗ ഉന്നതാധികാര കര്‍മസമിതി (ഇ.എ.ജി)യില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ക്ഷണമാണ് അദ്ദേഹം നിരസിച്ചത്. പ്രശാന്ത് ഇ.എ.ജിയുടെ ഭാഗമാകുകയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതല ഏറ്റെടുക്കുകയും ചെയ്യണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. തന്നേക്കാള്‍ ഉപരി, കോണ്‍ഗ്രസിനാവശ്യം ശക്തമായ നേതൃത്വവും സംഘടനാപരമായ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള യോജിച്ച മനസുമാണെന്നു പ്രശാന്ത് ട്വിറ്ററില്‍ കുറിച്ചു. കോണ്‍ഗ്രസില്‍ ഉന്നതപദവിയും സ്വതന്ത്രചുമതലയും വേണമെന്ന ഉപാധി അംഗീകരിക്കപ്പെടാത്തതാണു പിന്മാറ്റത്തിനു കാരണമെന്നു സൂചനയുണ്ട്. പ്രശാന്തുമായുള്ള ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ ഇ.എ.ജി. രൂപീകരിച്ച് അതില്‍ ചേരാന്‍ ക്ഷണിച്ചെങ്കിലും അദ്ദേഹം നിരസിച്ചെന്നു പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. പ്രശാന്തിന്റെ പരിശ്രമത്തെയും പാര്‍ട്ടിക്കു നല്‍കിയ ഉപദേശങ്ങളെയും മാനിക്കുന്നുവെന്നും സുര്‍ജേവാല ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞമാസം സോണിയാ ഗാന്ധിയുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തിയ പ്രശാന്ത്, പാര്‍ട്ടിയെ അധികാരത്തില്‍ തിരിച്ചുകൊണ്ടുവരാനുള്ള തന്റെ പദ്ധതികള്‍ വിശദീകരിച്ചിരുന്നു. എന്നാല്‍, അദ്ദേഹത്തെ പാര്‍ട്ടിയില്‍ ചേര്‍ക്കാനുള്ള ശ്രമത്തെ ചില മുതിര്‍ന്ന നേതാക്കള്‍ എതിര്‍ത്തു. ആശയപരമായി മാത്രമല്ല, തൃണമൂല്‍ കോണ്‍ഗ്രസും വൈ.എസ്.ആര്‍. കോണ്‍ഗ്രസും ഉള്‍പ്പെടെ മറ്റ് പാര്‍ട്ടികളുമായുള്ള പ്രശാന്തിന്റെ ബന്ധവും ചൂണ്ടിക്കാട്ടിയായിരുന്നു വിയോജിപ്പ്. പുതുതായി പാര്‍ട്ടിയില്‍ വരുന്ന ഒരാള്‍ക്കു സ്വതന്ത്രചുമതല നല്‍കുന്നതിനെ ദിഗ്വിജയ് സിങ്, മുകുള്‍ വാസ്നിക്, രണ്‍ദീപ് സുര്‍ജേവാല, ജയ്റാം രമേഷ് തുടങ്ങിയ നേതാക്കളാണു ശക്തമായി എതിര്‍ത്തത്. 2024-ലെ പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി ഇ.എ.ജി. രൂപീകരിക്കാനുള്ള ഉപദേശം കോണ്‍ഗ്രസിനു നല്‍കിയശേഷം പ്രശാന്തിനെക്കണ്ടതു തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന് ഒപ്പമായിരുന്നു എന്നതും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *