ന്യൂഡല്‍ഹി: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ (എല്‍.ഐ.സി.) പ്രഥമ ഓഹരി വില്‍പന (ഐ.പി.ഒ.) മേയ് നാലു മുതല്‍ ഒമ്പതു വരെ നടക്കും. 21,000 കോടി സമാഹരിക്കാന്‍ ലക്ഷ്യമിട്ട് മൂന്നര ശതമാനം ഓഹരികളാണ് വിറ്റഴിക്കുന്നത്. ഐ.പി.ഒ. കഴിയുന്നതോടെ എല്‍.ഐ.സി. ആറുലക്ഷം കോടി മൂല്യമുള്ള സ്ഥാപനമായി മാറും. നേരത്തെ അഞ്ച് ശതമാനം (31.6 കോടി) ഓഹരി വിറ്റഴിക്കാനായിരുന്നു തീരുമാനം.
എന്നാല്‍, റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് വിപണിയിലുണ്ടായ മാന്ദ്യം കണക്കിലെടുത്താണ് ഐ.പി.ഒ. വിഹിതം മൂന്നര ശതമാനമാക്കി കുറച്ചത്.
നടപ്പു സാമ്പത്തിക വര്‍ഷം ഓഹരി വില്‍പനയിലൂടെ 65,000 കോടി സമാഹരിക്കാനാണ് എല്‍.ഐ.സി. ലക്ഷ്യമിടുന്നത്. അതില്‍ വലിയ ഭാഗം ഐ.പി.ഒയില്‍ നിന്നാണ് പ്രതീക്ഷിക്കുന്നത്. എല്‍.ഐ.സി. ഐ.പി.ഒ. പ്രൈസ് ബാന്‍ഡ് ആയിരം രൂപയില്‍ താഴെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രാരംഭ പബ്ലിക് ഓഫറിന്റെ വില 902 രൂപ മുതല്‍ 949 രൂപ വരെ ആയിരിക്കും. ആങ്കര്‍ നിക്ഷേപകര്‍ക്ക് മെയ് 2 നും ബാക്കിയുള്ള നിക്ഷേപകര്‍ക്ക് മെയ് 4 മുതല്‍ മെയ് 9 വരെയും ഇഷ്യു തുറന്നിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. എല്‍.ഐ.സി.യുടെ പോളിസി ഉടമകള്‍ക്ക് ഐ.പി.ഒ. ഇഷ്യൂ വിലയില്‍ ഷെയറൊന്നിന് 60 രൂപ കിഴിവ് ലഭിക്കും, റീറ്റെയ്ല്‍ ബിഡ്ഡര്‍മാര്‍ക്കും ജീവനക്കാര്‍ക്കും 45 രൂപ കിഴിവ് ലഭിക്കും. ഓഹരി വില്‍പനയുടെ 10% പോളിസി ഉടമകള്‍ക്കായി സംവരണം ചെയ്യുമെന്നാണ് വിവരം.
