റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നാറ്റോയില്‍ അംഗമാകല്‍: അന്തിമതീരുമാനമുടനെന്ന് ഫിന്‍ലന്‍ഡ്

May 13, 2022 - 12:04 pm

ഹെല്‍സിങ്കി: എത്രയും വേഗം നാറ്റോയില്‍ അംഗമാകാനൊരുങ്ങി ഫിന്‍ലന്‍ഡ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇതുസംബന്ധിച്ച് അന്തിമതീരുമാനമുണ്ടാകുമെന്നു പ്രസിഡന്റ് സൗളി നിനിസ്റ്റോയും പ്രധാനമന്ത്രി സന്നാ മാരിനും സംയുകത പ്രസ്താവനയില്‍ അറിയിച്ചു.

പാര്‍ലമെന്റിലെ ചര്‍ച്ചകള്‍ക്കുശേഷം ഞായറാഴ്ച തീരുമാനം പ്രഖ്യാപിക്കാനാണ് സാധ്യത. അയല്‍ രാജ്യമായ സ്വീഡനും അന്നു തന്നെ സമാന തീരുമാനം പ്രഖ്യാപിച്ചേക്കും. സ്വീഡന്റെയും ഫിന്‍ലന്‍ഡിന്റെയും അംഗത്വകാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണു പ്രതീക്ഷയെന്നു നാറ്റോ സെക്രട്ടറി ജനറല്‍ ജീന്‍ സ്റ്റോള്‍ട്ടന്‍ബര്‍ഗ് അറിയിച്ചു.റഷ്യയുമായി 1,300 കിലോമീറ്റര്‍ അതിര്‍ത്തിയുണ്ട് ഫിന്‍ലന്‍ഡിന്. ഫിന്‍ലന്‍ഡ് നാറ്റോയിലെത്തിയാല്‍ സഖ്യവും റഷ്യയും തമ്മിലുള്ള അതിര്‍ത്തിയുടെ െദെര്‍ഘ്യം ഇരട്ടിയായി വര്‍ധിക്കും. റഷ്യയുടെ യുക്രൈന്‍ അധിനിവേശം സൃഷ്ടിച്ച ആശങ്ക ഫിന്‍ലന്‍ഡില്‍ അതിശക്തമാണ്. ഇതോടെ നാറ്റോയില്‍ ചേരണമെന്ന വാദത്തിന് ജനങ്ങള്‍ക്കിടയില്‍ വന്‍സ്വീകാര്യത െകെവന്നു.

ഫിന്‍ലന്‍ഡിന്റെ നീക്കം തങ്ങളുടെ സുരക്ഷക്ക് ഭീഷണിയാണെന്നായിരുന്നു റഷ്യയുടെ പ്രതികരണം.നാറ്റോയുടെ വികസനം യൂറോപ്പിന്റെ സ്ഥിരതയെയും സുരക്ഷയെയും പ്രതികൂലമായി ബാധിക്കുമെന്നും ക്രെംലിന്‍ മുന്നറിയിപ്പ് നല്‍കുന്നു.ഫിന്‍ലന്‍ഡിന്റെ നീക്കത്തോട് ഏതു രീതിയില്‍ പ്രതികരിക്കുമെന്ന് വ്യക്തമാക്കാന്‍ ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് തയ്യാറായില്ല. റഷ്യയുടെ ആരോപണങ്ങള്‍ തള്ളിയ ഫിന്‍ലന്‍ഡ് പ്രസിഡന്റ് നിനിസ്റ്റോ, യുക്രൈനിലെ അധിനിവേശമാണ് പുതിയ സാഹചര്യം സൃഷ്ടിച്ചതെന്ന് അഭിപ്രായപ്പെട്ടു. ”നാറ്റോയില്‍ ചേരുന്നത് ആര്‍ക്കെങ്കിലും എതിരായിട്ടല്ല. നിങ്ങളാണ് ഇതിന് ഉത്തരവാദികള്‍”-അദ്ദേഹം വ്യക്തമാക്കി. പുതിയ അഭിപ്രായ സര്‍വേകള്‍ പ്രകാരം ഫിന്‍ലന്‍ഡിലെ ജനങ്ങളില്‍ 76 ശതമാനം പേരും നാറ്റോ അംഗത്വത്തെ അനുകൂലിക്കുന്നു. 12 ശതമാനം പേര്‍ക്ക് മാത്രമാണ് എതിര്‍പ്പ്.

രണ്ടാം ലോകയുദ്ധത്തില്‍ ഫിന്‍ലന്‍ഡും റഷ്യയുടെ മുന്‍ഗാമിയായ സോവിയറ്റ് യൂണിയനും ഏറ്റുമുട്ടിയിരുന്നു. അന്ന് സോവിയറ്റ് അധിനിവേശത്തെ ചെറുത്തു തോല്‍പ്പിച്ചെങ്കിലും അന്തിമ സമാധാന ഉടമ്പടിയില്‍ ഫിന്‍ലന്‍ഡിന് ഭൂവിസ്തൃതിയുടെ 10 ശതമാനം നഷ്ടമായി. പിന്നീട് യു.എസ്-സോവിയറ്റ് ചേരികള്‍ തമ്മില്‍ ഉടലെടുത്ത ശീതയുദ്ധത്തില്‍ രാജ്യം സ്വതന്ത്രനിലപാട് സ്വീകരിക്കുകയായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *