ആലപ്പുഴ: സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് കുട്ടികളുടെ കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുന്നതിനായി ആരോഗ്യ വകുപ്പ് പ്രത്യേക വാക്‌സിനേഷന്‍ കാമ്പയിന്‍ നടത്തുന്നു. 12 വയസുമുതല്‍ 14 വയസു വരെയുള്ള കുട്ടികള്‍ക്കായി ബുധനും ഞായറും ഒഴികെയുള്ള ദിവസങ്ങളില്‍ മെയ് 19 മുതല്‍ 25 വരെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും പ്രത്യേക വാക്‌സിനേഷന്‍ സെഷനുകള്‍ നടത്തും.
എല്ലാ ശനിയാഴ്ചയും15 നും 17 നുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ആരോഗ്യ കേന്ദ്രങ്ങളില്‍ കോവാക്‌സിന്‍ ലഭ്യമാണ്. 12നും 14നും ഇടയില്‍ പ്രായമുള്ള വാക്‌സിന്‍ എടുക്കാത്ത കുട്ടികള്‍ കൂടുതലുള്ള സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക വാക്‌സിനേഷന്‍ ടീമുകളെയും സജ്ജമാക്കിയിട്ടുണ്ട്.
