റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സ്‌കേപ്പ് അനുഭവ വിജ്ഞാന വ്യാപന ശിൽപ്പശാലയ്ക്കു തുടക്കമായി

June 29, 2022 - 9:10 pm

പശ്ചിമഘട്ട മേഖലയിലെ 11 പഞ്ചായത്തുകളിലും ആറു സംരക്ഷിത പ്രദേശങ്ങളിലും നടപ്പാക്കുന്ന ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സ്‌കേപ്പ് (ഐ.എച്ച്.ആർ.എം.എൽ) പദ്ധതി പ്രവർത്തനങ്ങളെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന അനുഭവ വിജ്ഞാന വ്യാപന ദ്വിദിന ശിൽപ്പശാലയ്ക്കു തുടക്കമായി. വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ നടക്കുന്ന ശിൽപ്പശാല ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് ഉദ്ഘാടനം ചെയ്തു. വിജയകരമായി നടപ്പാക്കുന്ന ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സ്‌കേപ്പ് പദ്ധതിയുടെ ഫലങ്ങൾ വിലയിരുത്തുകയും ആശയങ്ങൾ ക്രോഡീകരിച്ച് തുടർ ആസൂത്രണ – നയ രൂപീകരണ പ്രവർത്തനങ്ങൾ സജ്ജമാക്കുകയുമാണു ശിൽപ്പശാലയുടെ ലക്ഷ്യം. പ്രകൃതി സംരക്ഷണത്തിലൂന്നിയുള്ള സുസ്ഥിര വികസന പ്രക്രിയ സാധ്യമാക്കി നടപ്പാക്കിയ പദ്ധതി ഈ മേഖലയിൽ കേരളത്തിന്റെ തുടർ പ്രവർത്തനങ്ങളുടെ വിത്താണെന്നു ശിൽപ്പശാല ഉദ്ഘാടനം ചെയ്തു ചീഫ് സെക്രട്ടറി പറഞ്ഞു. സ്റ്റാർട്ടപ്പുകൾ, നൂതന ആശയങ്ങൾ, പ്രകൃതി സംരക്ഷണം തുടങ്ങിയവ ഇഴചേർത്തു നടപ്പാക്കിയ പദ്ധതി മറ്റു മേഖലകളിലും വിജയകരമായി നടപ്പാക്കാൻ കഴിയും. സുസ്ഥിര വികസന സൂചികയിലും ദാരിദ്യ നിർമാർജന രംഗത്തും ആരോഗ്യ സൂചികയിലുമെല്ലാം കേരളം രാജ്യത്ത് ഒന്നാമതാണ്. പ്രകൃതി വികസന സൂചികയിലും മനുഷ്യവികസന സൂചികയിലും ഒന്നാമതെത്താൻ സംസ്ഥാനത്തിനു കഴിയും. ഇത്തരം പദ്ധതികൾ ഇതിനു സാഹായകരമാകും.

ഐ.എച്ച്.ആർ.എം.എൽ. പദ്ധതിയിലൂടെ പുതിയ നിരവധി സ്റ്റാർട്ട്അപ്പ് ആശയങ്ങൾ യാഥാർഥ്യമാക്കപ്പെട്ടിട്ടുണ്ട്. ഐടി മേഖലയെ മാത്രം മുന്നിൽക്കണ്ടുള്ള സ്റ്റാർട്ട്അപ്പ് വികസനമായിരുന്നു ഇതുവരെ സംസ്ഥാനത്തുണ്ടായിരുന്നത്. ഇതു മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഏതു മേഖലയിലും സ്റ്റാർട്ട്അപ്പ് തുടങ്ങുന്നതിന് ആനുകൂല്യങ്ങൾ ലഭ്യമാക്കുകയാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യമെന്നും ഇതു സംബന്ധിച്ച തീരുമാനം ഉടനുണ്ടാകുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സ്‌കേപ്പ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ പദ്ധതികൾ സംസ്ഥാനത്തിന്റെ ഭാവി വികസന പദ്ധതികളിൽ അനുകരണീയ മാതൃകയാണെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച നവകേരളം കർമപദ്ധതി കോ-ഓർഡിനേറ്റർ ഡോ. ടി.എൻ. സീമ പറഞ്ഞു. യു.എൻ.ഡി.പി. ഇന്ത്യ റെസിഡന്റ് പ്രതിനിധി ഷോക്കോ നോഡ മുഖ്യ പ്രഭാഷണം നടത്തി. പദ്ധതിയുമായി ബന്ധപ്പെട്ടു തയാറാക്കിയ കൈപ്പുസ്തകം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഡോ. ജോയ് ഇളമൺ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പിനു നൽകി പ്രകാശനം ചെയ്തു. ശിൽപ്പശാലയുടെ ഭാഗമായി പദ്ധതി നടപ്പാക്കിയ പ്രദേശങ്ങളിലെ ഗ്രാമപഞ്ചായത്തുകളുടെ ഉത്പന്നങ്ങൾ അണിനിരത്തി സംഘടിപ്പിക്കുന്ന പ്രദർശനം തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഉദ്ഘാടനം ചെയ്തു. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ, ഐ.എച്ച്.ആർ.എം.എൽ. സ്റ്റേറ്റ് പ്രൊജക്ട് കോ-ഓർഡിനേറ്റർ അരുൺ രാമചന്ദ്രൻ, സ്റ്റേറ്റ് നോഡൽ ഓഫിസർ എസ്. സൺ തുടങ്ങിയവർ പങ്കെടുത്തു.

ജൂൺ 30 വൈകിട്ടു നടക്കുന്ന സമാപന സമ്മേളനം വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. നവകേരളം കർമപദ്ധതി കോ-ഓർഡിനേറ്റർ ഡോ. ടി.എൻ. സീമ, ഹരിത കേരളം മിഷൻ കൺസൾട്ടന്റ് ഏബ്രഹാം കോശി തുടങ്ങിയവർ പങ്കെടുക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *