കോതമംഗലം: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തി കോട്ടപ്പടി വാവേലിയിൽ കാട്ടുകൊമ്പൻ വിലസുന്നു. ആഴ്ചകളായി രാത്രി എത്തുന്ന ആന ജനജീവിതം താളം തെറ്റിച്ചിരിക്കുകയാണ്. 29/06 22 ബുധനാഴ്ച രാത്രി കാടിറങ്ങിയ കൊമ്പൻ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കൊമ്പന്റെ ആക്രമണത്തിൽ നിന്ന് വാവേലി കാരവള്ളി രാധാകൃഷ്ണൻ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണ്.
ചിരട്ടക്കൽ മഞ്ചേഷിന്റെ വീട്ടുവളപ്പിൽ ആന നടത്തിയ പരാക്രമം കുടുംബത്തെ മണിക്കൂറോളം ഭീതിയിലാഴ്ത്തി. കാരവള്ളി മോഹനൻ, തുപ്പനാട്ട് വേലായുധൻ എന്നിവരുടെ പുരയിടങ്ങളിലും ആന നാശനഷ്ടം വരുത്തി. അർദ്ധരാത്രിയോടടുത്ത് ചിരട്ടക്കൽ മഞ്ചേഷിന്റെ വീട്ടുവളപ്പിൽ ആണ് ആന ആദ്യം എത്തിയത്. നായ് കുരയ്ക്കുന്നത് കേട്ടാണ് വീട്ടുകാർ ഉണർന്നത്. വീടിന് തൊട്ടടുത്തുനിന്ന് ആനയുടെ ചിന്നം വിളി കേട്ടതോടെ വീട്ടുകാർ ഭയപ്പാടിലായി. ആന വീടിന്റെ ഭിത്തിയിൽ കുത്തുകയും ചെയ്തതോടെ ഭീതി വർദ്ധിച്ചു.
രാത്രി 12 മുതൽ ഒരു മണിക്കൂർ ആന ചിന്നം വിളിച്ച് വീടിന് ചുറ്റും നടക്കുകയും ചെയ്തു. ആനയെത്തിയ ഉടൻ സഹായത്തിന് വനവകുപ്പ് അധികൃതരെ വിളിച്ചെന്നും ആന പോയി കഴിഞ്ഞ ശേഷമാണ് ജീവനക്കാർ എത്തിയതെന്നും വീട്ടുകാർ പറഞ്ഞു. മഞ്ചേഷിന്റെ വീട്ടിൽ നിന്ന് അര കിലോമീറ്റർ അകലെയാണ് കാരവള്ളി രാധാകൃഷ്ണന്റെ വീട്. കൃഷിയിടത്തിൽ ആന എത്തിയെന്ന് മനസ്സിലാക്കി ഓടിച്ചു വിടാനാണ് രാധാകൃഷ്ണൻ വീടിന് പുറത്തിറങ്ങുന്നത്. ഒച്ച വച്ചതോടെ ആന തന്റെ നേരെ പാഞ്ഞടുത്തെന്നും ഓടി വീട്ടിൽ കയറി കതകടച്ചെന്നും രാധാകൃഷ്ണൻ പറഞ്ഞു. വീടിനെ വട്ടംചുറ്റിയ കൊമ്പൻ മുറ്റത്തിരുന്ന ബൈക്ക് തട്ടിയിട്ടും, സിറ്റൗട്ടിൽ കെട്ടിയിരുന്ന പടുത വലിച്ചുകീറി നശിപ്പിച്ചതിനും ശേഷമാണ് കാട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞദിവസം മഞ്ചേഷിന്റെ വീടിനു മുകളിലേക്ക് കൊമ്പൻ മരം മറിച്ചിട്ടിരുന്നു. വിവരമറിഞ്ഞ് ഇവിടെയെത്തിയ പ്രദേശവാസികൾ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയ വാഹനങ്ങൾ തടഞ്ഞിട്ടിരുന്നു.
