ഇരിങ്ങാലക്കുട : ജനങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടുകള്‍ വരുത്തിവയ്‌ക്കുന്ന പുതിയ ബഫര്‍സോണ്‍ നയം നിര്‍ബന്ധമായും തിരുത്തണമെന്നും അല്ലെങ്കില്‍ ശക്തമായ സമരപരിപാടികലുമായി മുന്നോട്ടുപോകുമെന്നും രൂപത കത്തോലിക്കാ കോണ്‍ഗ്രസ് അറിയിച്ചു. ന്യൂനപക്ഷ ഭീകരതയും ഭൂരിപക്ഷ ഭീകരതയും നാടിന് ഒരുപോലെ വിനാശകരമണെന്ന് യോഗം അഭിപ്രായപ്പെട്ടു. മാറിവരുന്ന സര്‍ക്കാരുകളുടെ ക്രൈസ്‌തവ സമുദായത്തടുളള അവഗണനയും സത്യം വിളിച്ചു പറയുന്ന മെത്രാന്‍മാരോടും ആത്മീയ നേതാക്കന്മാരോടുമുളള സമീപനവും സഭാമക്കളില്‍ ആശങ്കകള്‍ ഉണ്ടാക്കുന്നുവെന്ന് യോഗം വിലയിരുത്തി.
കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് ബിജു പറനിലം യോഗം ഉദ്‌ഘാടനം ചെയ്‌തു. രൂപതാ പ്രസിഡന്റ് പത്രോസ് വടക്കുംചേരി അദ്ധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ ഡയറക്ടര്‍ ഫാ.ജിയോ കടവി,രൂപതാ ഡയറക്ടര്‍ ഫാ.പോളി പടയാട്ടി, രൂപതാ ജനറല്‍ സെക്രട്ടറി ഡേവിസ് ഊക്കന്‍, വൈസ്‌പ്രസിഡന്റ് റീന ആന്റണി തൊമ്മാന എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറിമാരായ ജോസുകുട്ടി, ബെന്നി ആന്റണി, റിന്‍സണ്‍ മണവാളന്‍ ക്ലാസുകള്‍ നയിച്ചു.
