സംസ്ഥാന സര്‍ക്കാരിന്റെ ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായി സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള വായ്പ അപേക്ഷകളുടെ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് പറഞ്ഞു. ജില്ലാതല ബാങ്കിംഗ് സമിതിയുടെ അവലോകന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുജനങ്ങളില്‍ സാമ്പത്തിക സാക്ഷരത ഉറപ്പുവരുത്തുന്നതിനായി നടത്തിവരുന്ന ബോധവല്‍ക്കരണ ക്ലാസുകള്‍ കൂടുതല്‍ ശക്തമാക്കാനും യോഗത്തില്‍ തീരുമാനിച്ചു. യോഗത്തില്‍ 2021-22 സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ ജില്ലയിലെ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളും വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ ബാങ്കുകള്‍ നടത്തിയ ഇടപെടലുകളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന റവന്യൂ റിക്കവറി നടപടികള്‍ ശക്തമാക്കാനും യോഗത്തില്‍ തീരുമാനിച്ചു. ഇതിനായി സെപ്തംബര്‍ വരെ നീണ്ടു നില്‍ക്കുന്ന തീവ്ര റവന്യു റിക്കവറി യജ്ഞം ജില്ലയില്‍ നടത്തും. റിക്കവറി നടപടികളിലേക്കു പോകും മുന്‍പ് കുടിശിക ഉള്ളവരെ കണ്ടെത്തി കേസുകള്‍ തീര്‍പ്പാക്കാനാണു ശ്രമിക്കുന്നത്. ഇതിനായി തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവിധ ബാങ്കുകളുമായി സഹകരിച്ച് എല്ലാ താലൂക്കുകളിലും പ്രത്യേക അദാലത്തുകള്‍ നടത്തും. ഇളവുകള്‍ നല്‍കിയും ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെയും പരമാവധി കേസുകള്‍ തീര്‍പ്പാക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ വായ്പാ കുടിശികയുള്ളത് കൊച്ചി നഗര പരിധിയിലെ 15 വില്ലേജുകളിലാണെന്ന് യോഗം വിലയിരുത്തി. ആകെ കുടിശികയുടെ 60 ശതമാനത്തിലധികവും ഇവിടെയാണെന്നും ഇതു തീര്‍പ്പാക്കുന്നതിനായി പ്രത്യേക അദാലത്തുകള്‍ സംഘടിപ്പിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
യൂണിയന്‍ ബാങ്ക് റീജിയണല്‍ ഹെഡ് സി.ജെ മഞ്ജുനാഥസ്വാമി അധ്യക്ഷത വഹിച്ച യോഗത്തില്‍ റിസര്‍വ് ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പി. അശോക്, നബാര്‍ഡ് ഡി.ഡി.എം അജീഷ് ബാലു, റവന്യു റിക്കവറി വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ബി. അനില്‍ കുമാര്‍, ലീഡ് ബാങ്ക് മാനേജര്‍ പി.ഡി. മോഹന്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
