ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ വസ്ത്ര നിർമ്മാണശാലയിൽ വാതക ചോർച്ച. അപകടത്തെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അമ്പതോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അച്യുതപുരം ജില്ലയിലെ സ്പെഷ്യൽ എക്കണോമിക് സോണിൽ സ്ഥിതി ചെയ്യുന്ന വസ്ത്ര നിർമ്മാണശാലയിലാണ് വാതക ചോർച്ച ഉണ്ടായത്. ഛർദിയും മനംപിരട്ടലും അനുഭവപ്പെട്ട സ്ത്രീ തൊഴിലാളികൾ കുഴഞ്ഞു വീഴുകയിരുന്നു. സ്ഥലത്തേക്ക് ആരും പ്രവേശിക്കാതിരിക്കാൻ പോലീസ് സുരക്ഷ ഉറപ്പാക്കി.
തലകറങ്ങി വീണ ചിലർ ഗർഭിണികൾ ആണെന്നാണ് പോലീസ് സോഴ്സിനെ അറിയിച്ചത്. ജീവനക്കാരെ പരിശോധിച്ച് വരികയാണെന്നും പരിശോധന റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്നും പോലീസ് അറിയിച്ചു. അതേസമയം സമീപത്ത് വാതക ചോർച്ച ഉണ്ടായതിന്റേതായ ഗന്ധം ഇല്ലെന്നാണ് പോലീസ് പറയുന്നത്. എട്ടുമണിക്ക് കാന്റീനിൽ പോയി തിരിച്ചു വന്ന ചിലർ ഛർദ്ദിയും മനംപിരട്ടലും ഉള്ളതായി അറിയിച്ചു. സമാനമായ സംഭവം 2022 ജൂൺ മൂന്നിനും ഉണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. 200 തൊഴിലാളികളാണ് അന്ന് ബോധരഹിതരായത്. മനംപിരട്ടലും, കണ്ണുനീറലും അനുഭവപ്പെട്ടതിന് പിന്നാലെയാണ് ഇവർ കുഴഞ്ഞുവീണത്.
