തിരുവനന്തപുരം: ഗുജറാത്തിലെ ഗോധ്ര കലാപത്തിനിടെ ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിലെ പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചത് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍.പതിനഞ്ചും ഇരുപതും വര്‍ഷം ജയിലില്‍ കിടന്നവരെ മാനുഷിക പരിഗണന അനുസരിച്ചാണ് വിട്ടയച്ചത്. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെപ്പോലും വിട്ടയച്ചില്ലേയെന്നും അദ്ദേഹം ചോദിച്ചു.കോടതികള്‍ ശിക്ഷിച്ച് 15 വര്‍ഷവും 20 വര്‍ഷവും ജയിലില്‍ കിടന്നിട്ടുള്ളവരെ മോചിപ്പിക്കുന്നത് ഇതാദ്യമായിട്ടല്ല. കേരളത്തില്‍ത്തന്നെ എത്രയോ കേസുകളില്‍ പ്രതികളെ മോചിപ്പിച്ചിട്ടുണ്ട്. അതൊരു മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ ചെയ്തതായിരിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും തനിക്ക് അതിന്റെ വിശദാംശങ്ങള്‍ അറിയില്ലെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ ഇതിലും വലുതല്ലേ നടക്കുന്നത്? എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറി ജയിലില്‍നിന്ന് ഇറങ്ങിയപ്പോള്‍ പോലീസുകാരുടെ മുന്നില്‍വച്ചല്ലേ ആദരിച്ചത്. ഇതൊന്നും സര്‍ക്കാരിന്റെ നയമല്ലല്ലോ. എന്തായാലും ഗുജറാത്തില്‍ ബി.ജെ.പി. പ്രതികള്‍ക്കു സ്വീകരണം നല്‍കിയതായി താന്‍ ഒരിടത്തും കണ്ടിട്ടില്ല. വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ തിരിച്ചെത്തിയപ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളും സ്വീകരണം നല്‍കിക്കാണും. അതു സ്വാഭാവികമല്ലേ എന്നും മന്ത്രി ചോദിച്ചു.
