റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യാക്കരപുഴയുടെ ചതുപ്പിൽ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി: കാണാതായ സുവീഷിന്റെ മൃതദേഹമാണെന്ന നി​ഗമനത്തിൽ പോലീസ്

August 27, 2022 - 6:46 am

പാലക്കാട്: യാക്കരപ്പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പാലക്കാട് കാടങ്കോട് ഇ.എം.എസ്. കോളനി സ്വദേശി ആർ. സുരാജ് (22), പൊൽപ്പുള്ളി കൂളമുട്ടം സ്വദേശി എസ്. ഷമീർ (22) എന്നിവരാണ് അറസ്റ്റിലായത്. കേസിൽ ആറ് പേർക്ക് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. 2022 ഓഗസ്റ്റ് 25 വ്യാഴാഴ്ച്ച രാത്രിയാണ് മെഡിക്കൽ കോളേജിന് പുറകുവശത്തായി യാക്കരപുഴയുടെ ചതുപ്പിൽ നിന്ന് യുവാവിന്റെ മൃതദേഹം പോലീസ് കണ്ടെടുക്കുന്നത്.

ചിറ്റൂർ തത്തമംഗലം ആറാംപാടം സ്വദേശി സുവീഷിന്റെ (20) മൃതദേഹമാണെന്ന നിഗമനത്തിലാണ് പോലീസ്. സുവീഷിനെ ജൂലായ് 19 മുതൽ കാണാനില്ലായിരുന്നു. പിടിയിലായ പ്രതികൾ എല്ലാവരും സുവീഷിന്റെ സുഹൃത്തുക്കളാണ്. സുരാജിനെ കോടതിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഷമീറിനെ ശനിയാഴ്ച്ച രാവിലെ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. ബാക്കിയുള്ള നാല് പ്രതികളും പോലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.

പുഴയിൽ നിന്ന് ലഭിച്ച മൃതദേഹത്തിൽ അസ്ഥികളും കെട്ടിതാഴ്ത്താൻ ഉപയോഗിച്ച തൂണുകളും കയറും സുവിഷിന്റെതെന്ന് കരുതുന്ന ഷർട്ടും നിക്കറുമാണ് കണ്ടെടുത്തിട്ടുള്ളത്. വെള്ളിയാഴ്ച്ച രാവിലെ ചിറ്റൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം ഫോറൻസിക്കിന് കൈമാറി.

യാക്കര പുഴയിൽ നിന്നും കണ്ടെടുത്ത മൃതദേഹം തത്തമംഗലം സ്വദേശി സുവീഷിന്റെ തന്നെയാണെന്ന നിഗമനത്തിലാണ് പോലീസ്. മൃതദേഹത്തിന് ഒരു മാസത്തോളം പഴക്കമുണ്ട്. പിടിക്കപ്പെട്ട പ്രതികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തിരച്ചിലിലാണ് യാക്കരപ്പുഴയുടെ ചതുപ്പിൽ നിന്ന് മൃതദേഹം കണ്ടെത്തുന്നത്. സുവീഷ് ഉൾപ്പടെയുള്ള ഏഴ് പേരുടങ്ങുന്ന സംഘം സുഹൃത്തുക്കളായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.

സുവീഷ് ഉൾപ്പെടെയുള്ള ഏഴ് പേർ ചേർന്ന് ഒരു കാർ വാടകയ്ക്ക് എടുത്ത് ഓടിച്ചിരുന്നു. ഈ കാർ ഇടയ്ക്ക് അപകടത്തിൽപ്പെടുകയും ചെയ്തു. കാർ നേരെയാക്കുന്നതിനായി ഏകദേശം രണ്ടര ലക്ഷത്തോളം രൂപ ചെലവ് വന്നു. ഇത് എല്ലാവരും തുല്യമായി വീതിക്കാമെന്ന് സംഘം തീരുമാനിക്കുകയും ചെയ്തു. എന്നാൽ സുവീഷ് മാത്രം ഈ തുക നൽകാൻ തയ്യാറായില്ല. ഇതോടെ ഇവർക്ക് സുവീഷിനോട് വൈരാഗ്യമായി. കൂടാതെ കൂട്ടത്തിലുള്ള ഒരാളുടെ മൊബൈൽ ഫോൺ സുവീഷ് മോഷ്ടിക്കുകയും ചെയ്തതായി പറയുന്നു.

മറ്റൊരാളെ പൊതു സ്ഥലത്ത് വെച്ച് അവഹേളിച്ചതായും പറയുന്നുണ്ട്. ഇതെല്ലാം പ്രതികൾക്ക് സുവീഷിനോട് വൈരാഗ്യമുണ്ടാക്കിയതായി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. സുവീഷ് ഉൾപ്പടെ എല്ലാവരും കഞ്ചാവ് ഉപയോഗിക്കുന്നവരാണ്. സുവീഷിനെ കാണാതായെന്ന് പറയപ്പെടുന്ന ജൂലായ് 19ന് പ്രതികൾ ബൈക്കിലെത്തി യുവാവിനെ കൂട്ടികൊണ്ട് പോകുകയും യാക്കരപുഴയുടെ ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് മർദ്ദിക്കുകയും ചെയ്തു. ക്രൂര മർദ്ദനത്തിന് ശേഷം പ്രതികൾ സുവീഷിനെ അവിടെ ഉപേക്ഷിച്ച് പോകുകയുമായിരുന്നു.

തുടർന്ന് പിറ്റേന്ന് വീണ്ടും സംഘം സ്ഥലത്തെത്തിയപ്പോൾ സുവീഷിനെ മരിച്ച നിലയിൽ കാണുകയുമായിരുന്നു. തുടർന്ന് കയർ കൊണ്ടുവന്ന് ഒരു സിമന്റ് തൂണും ഒരു കരിങ്കൽ തൂണും സുവീഷിന്റെ മൃതദേഹത്തോട് ചേർത്തു കെട്ടി പുഴയിലെ ചതുപ്പിൽ കൊണ്ടിടുകയാണ് ചെയ്തതെന്നാണ് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.

സംഭവത്തിന് ശേഷം ഇവർ സുവീഷിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് തമിഴ്നാട്ടിലേക്ക് പോകുന്ന ലോറിയുടെ പുറകിൽ ഉപേക്ഷിച്ചു. നാല് ദിവസങ്ങൾക്ക് ശേഷം തമിഴ്നാട് പെരുന്തുറയിലെത്തിയ ലോറിയിൽ നിന്നു ഡ്രൈവർക്ക് മൊബൈൽ ഫോൺ ലഭിച്ചു. തുടർന്ന് ചാർജ് ചെയ്ത് ഫോൺ ഓണാക്കിയതോടെ ഫോണിലേക്ക് സുവീഷിന്റെ അമ്മയുടെ വിളിയെത്തി. ഫോണെടുത്ത ഡ്രൈവർ ലോറിയിൽ ഉപക്ഷിക്കപ്പെട്ട നിലയിൽ ഫോൺ ലഭിച്ചു എന്ന് അറിയിച്ചതോടെയാണ് സുവീഷിന്റെ അമ്മയ്ക്ക് സംശയം തോന്നി ചിറ്റൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

സുവീഷ് ഇടയ്ക്ക് ഫോൺ ഓഫാക്കി യാത്ര ചെയ്യാറുണ്ടെന്നാണ് അമ്മ വിജയം പറയുന്നത്. സുവീഷിനെ കാണാതാകുന്ന ദിവസം വീട്ടിലേക്ക് വരുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നു. യാത്ര പോയതാകുമെന്ന് കരുതി എല്ലാ ദിവസവും വിളിച്ചു. നാലാം ദിവസമാണ് തമിഴ്നാട്ടിലെ ഒരാൾ ഫോണെടുക്കുന്നത്. തുടർന്ന് ചിറ്റൂർ പോലീസിൽ പരാതി നൽകി.

സുവീഷിന്റെ തിരോധാനത്തിൽ പോലീസിന് വീഴ്ച്ചയുണ്ടായതായി ആക്ഷേപം. ഒരു മാസം മുമ്പ് മകനെ കാണാനില്ലെന്ന് കാണിച്ച് സുവീഷിന്റെ അമ്മ നൽകി പരാതി നൽകിയിട്ടും പോലീസ് കാര്യമായി അന്വേഷണം നടത്തിയില്ല. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സുവീഷിന്റെ സുഹൃത്തുക്കൾ നേരത്തെയും ഇയാളുടെ വീട്ടിൽ കയറി അതിക്രമം നടത്തിയിട്ടുണ്ടെന്ന് അമ്മ വിജയം നൽകിയ പരാതിയിൽ പറയുന്നു.

തമിഴ്നാട്ടിൽ നിന്ന് സുവീഷിന്റെ ഫോൺ കിട്ടിയത് വാങ്ങാൻ പോയതും സുവീഷിന്റെ അമ്മയാണ്. ആ ഫോൺ ലഭിച്ചതിന് ശേഷമാണ് പോലീസ് അന്വേഷണം ആരംഭിക്കുന്നത്. സുവീഷിന്റെ ബൈക്ക് പിരായിരി പള്ളിക്കുളത്ത് വെച്ചും കണ്ടെത്തിയിട്ടുണ്ട്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *