റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആറ് പാര്‍ലമെന്ററി കമ്മിറ്റികളുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പ്രതിപക്ഷ അംഗങ്ങളെ നീക്കി കേന്ദ്രം

October 5, 2022 - 8:07 pm

ന്യൂഡല്‍ഹി: രാജ്യത്തെ സുപ്രധാന പാര്‍ലിമെന്ററി സമിതികളുടെ തലപ്പത്ത് നിന്ന് പ്രതിപക്ഷത്തെ നീക്കി കേന്ദ്രം. ആറ് പ്രധാന പാര്‍ലമെന്ററി കമ്മിറ്റികളുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പ്രതിപക്ഷ അംഗങ്ങളെ നീക്കി. 04/10/2022 ചൊവ്വാഴ്ചയാണ് പാര്‍ലിമെന്ററി സമിതികളെ പുനഃസംഘടിപ്പിച്ചത്.

പുനഃസംഘടനയില്‍ ആഭ്യന്തരകാര്യം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഭക്ഷ്യ ഉപഭോക്തൃകാര്യം, ആരോഗ്യ കുടുംബക്ഷേമം എന്നീ നാല് സുപ്രധാന പാര്‍ലമെന്ററി കമ്മിറ്റികളുടെ അധ്യക്ഷ സ്ഥാനത്ത് നിന്നാണ് പ്രതിപക്ഷ അംങ്ങളെ നീക്കിയത്. ഈ കമ്മിറ്റികള്‍ ഇതുവരെ പ്രതിപക്ഷത്തിന് കീഴിലായിരുന്നു. ഇതിന് പുറമെ പ്രതിരോധം, വിദേശകാര്യം, ധനം, എന്നീ പാര്‍ലമെന്ററി കമ്മിറ്റികളുടെ അധ്യക്ഷസ്ഥാനവും ബിജെപിക്കും സഖ്യകക്ഷികള്‍ക്കും കൈമാറി.പ്രതിപക്ഷ പാര്‍ട്ടികളില്‍ മൂന്നാമത്തെ വലിയ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് ഒരു പാനലിന്റെയും അധ്യക്ഷസ്ഥാനം ലഭിച്ചിട്ടില്ല. ഇതിന് പുറമെ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ എണ്ണവും വെട്ടിക്കുറച്ചു. ലോക്സഭയുടെ 15 കമ്മിറ്റികളും രാജ്യസഭയുടെ 7 കമ്മിറ്റികളും ഉള്ള 24 സ്റ്റാന്‍ഡിംഗ് കമ്മിറ്റികളില്‍ ഇനി 22 സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ മാത്രമേ ഉണ്ടാകൂ.കോണ്‍ഗ്രസ് എംപി അഭിഷേക് മനു സിംഗ്വിക്ക് പകരം ബിജെപി എംപിയും റിട്ടയേര്‍ഡ് ഐപിഎസ് ഓഫീസറുമായ ബ്രിജ് ലാലിനെ പാര്‍ലമെന്റിന്റെ ആഭ്യന്തരകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായി നിയമിച്ചു. കോണ്‍ഗ്രസ് എംപി ശശി തരൂരിന് പകരം ഷിന്‍ഡെ വിഭാഗത്തിലെ ശിവസേന എംപി പ്രതാപ് റാവു ജാദവിനെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സംബന്ധിച്ച പാര്‍ലമെന്ററി പാനലിന്റെ ചെയര്‍മാനായി നിയമിച്ചു.ഭക്ഷ്യ ഉപഭോക്തൃകാര്യങ്ങള്‍ക്കുള്ള പാര്‍ലമെന്ററി സമിതി അധ്യക്ഷ സ്ഥാനത്തുനിന്ന് തൃണമൂല്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി. സമാജ്വാദി പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവിനെ ആരോഗ്യ കുടുംബക്ഷേമത്തിനുള്ള പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കി. ലോക്സഭാ എംപി രാധാ മോഹന്‍ സിംഗിനെ റെയില്‍വേ സംബന്ധിച്ച പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി നിയമിച്ചു.വ്യവസായകാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സമിതിയില്‍ നിന്ന് ഡിഎംകെയെ ഒഴിവാക്കി. ബിജെപിയുടെ രാജ്യസഭാ എംപി വിവേക് താക്കൂറിനെ വിദ്യാഭ്യാസം, സ്ത്രീകള്‍, കുട്ടികള്‍, യുവജനങ്ങള്‍, കായികം എന്നിവയ്ക്കുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായി നിയമിച്ചു.ജയന്ത് സിന്‍ഹ ധനകാര്യ സമിതിയുടെയും ജുവല്‍ ഓറം പ്രതിരോധ സമിതിയുടെയും പി പി ചൗധരി വിദേശകാര്യ സമിതിയുടെയും തലവനായി തുടരും.

അതേസമയം, കോണ്‍ഗ്രസ് എംപി ജയറാം രമേശിനെ സയന്‍സ് ആന്‍ഡ് ടെക്നോളജി, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം എന്നിവയ്ക്കുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായി നിയമിച്ചു. കോണ്‍ഗ്രസ് നയിക്കുന്ന ഒരേ ഒരു പാര്‍ലിമെന്ററി സമിതിയാകും ഇത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *