റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹിന്ദു ദൈവങ്ങളെ ഇനി ആരാധിക്കില്ലെന്നു പ്രതിജ്ഞയെടുത്ത് എ.എ.പി മന്ത്രി വിവാദത്തില്‍

October 8, 2022 - 11:09 am

ന്യൂഡല്‍ഹി: മതപരിവര്‍ത്തന സമ്മേളനത്തില്‍ പങ്കെടുത്ത് ഹിന്ദു ദൈവങ്ങളെ ഇനി ആരാധിക്കില്ലെന്നു പ്രതിജ്ഞയെടുത്ത ആം ആദ്മി പാര്‍ട്ടി (എ.എ.പി) നേതാവും ഡല്‍ഹി മന്ത്രിയുമായ രാജേന്ദ്ര പാല്‍ ഗൗതം വിവാദനായകനായി. ബ്രേക്കിങ് ഇന്ത്യ പ്രോജക്ടിന്റെ ഭാഗമാണ് മന്ത്രിയുടെ വാക്കുകളെന്ന് ബി.ജെ.പി തുറന്നടിച്ചു.ഡല്‍ഹിയിലെ അംബേദ്കര്‍ ഭവനില്‍ പതിനായിരത്തോളം പേരാണ് ബുദ്ധമതത്തിലേക്കു കൂട്ട മതപരിവര്‍ത്തനം നടത്തിയത്. ഇക്കഴിഞ്ഞ അഞ്ചിനായിരുന്നു ചടങ്ങ്. ഹിന്ദു ദേവതകളെയും ദേവതന്മാരെയും ഇനി ആരാധിക്കില്ലെന്ന് പങ്കെടുത്തവരൊക്കെ പ്രതിജ്ഞയെടുത്തു. ഇതിന്റെ വീഡിയോ വൈറലാകുകയും ചെയ്തു.ആം ആദ്മി മന്ത്രിയും മറ്റുള്ളവരും സത്യപ്രതിജ്ഞ ചെയ്യുന്നതും വീഡിയോയിലുണ്ട്. ”എനിക്ക് ബ്രഹ്മാവിലും വിഷ്ണുവിലും മഹേശ്വരരിലും വിശ്വാസമില്ല. അവരെ ഞാന്‍ ആരാധിക്കില്ല. രാമനിലും എനിക്ക് വിശ്വാസമില്ല. ദൈവത്തിന്റെ അവതാരമെന്ന് വിശ്വസിക്കപ്പെടുന്ന കൃഷ്ണനെയും ഞാന്‍ ആരാധിക്കില്ല.”- വീഡിയോയിലെ വാക്കുകള്‍ ഇങ്ങനെ.

ബുദ്ധനിലേക്കുള്ള ദൗത്യത്തെ ജയ് ഭീം എന്ന് വിളിക്കാമെന്നും തുടര്‍ന്ന് രാജേന്ദ്ര പാല്‍ ട്വിറ്ററില്‍ കുറിച്ചു. അശോക വിജയദശമി ദിനത്തില്‍ മിഷന്‍ ജയ് ഭീമില്‍ പതിനായിരത്തിലേറെ ബുദ്ധിജീവികള്‍ ജാതി, തൊട്ടുകൂടായ്മ രഹിത ഇന്ത്യ ഉണ്ടാക്കുമെന്ന് പ്രതിജ്ഞയെടുത്തെന്നും ട്വീറ്റിലുണ്ട്.അരവിന്ദ് കെജ്രിവാളിന്റെ മന്ത്രി രാജേന്ദ്ര പാല്‍ ”ബ്രേക്കിംഗ് ഇന്ത്യ” പദ്ധതി നടപ്പിലാക്കുന്നു എന്നായി തൊട്ടുപിന്നാലെ ബി.ജെ.പിയുടെ അമിത് മാളവ്യയുടെ ട്വീറ്റ്. ഹിന്ദു വിദ്വേഷ പ്രചരണത്തിന്റെ പ്രധാന സ്പോണ്‍സര്‍ കെജ്രിവാളാണെന്നും മാളവ്യ കുറിച്ചു.

ഹിന്ദുമതത്തിനും ബുദ്ധമതത്തിനും അപമാനമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്ന് ബി.ജെ.പി എം.പി: മനോജ് തിവാരി പ്രതികരിച്ചു. എ.എ.പി മന്ത്രിമാര്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. മന്ത്രിയെ ഉടന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം. ഞങ്ങള്‍ അദ്ദേഹത്തിനെതിരേ പരാതി സമര്‍പ്പിക്കുകയാണെന്നും തിവാരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ബി.ജെ.പി ദേശവിരുദ്ധമാണെന്ന് മന്ത്രി രാജേന്ദ്ര പാല്‍ ഗൗതം തിരിച്ചടിച്ചു. എനിക്ക് ബുദ്ധമതത്തില്‍ വിശ്വാസമുണ്ട്. ആര്‍ക്കെങ്കിലും അതില്‍ വിഷമമുണ്ടെങ്കില്‍ പരാതിപ്പെടട്ടെ. ഏത് മതത്തെയും പിന്തുടരാന്‍ , ഭരണഘടന സ്വാതന്ത്ര്യം തരുന്നുണ്ട്. ബിജെപിക്ക് എ.എ.പിയെ ഭയമാണ്. അവര്‍ക്ക് കള്ളക്കേസുകള്‍ മാത്രമേ ചുമത്താന്‍ കഴിയൂ എന്നും മന്ത്രി വിമര്‍ശനം തൊടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *