റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഛിന്നഗ്രഹ പതനത്തില്‍ നിന്ന് ഭൂമിയെ രക്ഷിക്കാനുള്ള നാസയുടെ ദൗത്യം ജയം കണ്ടു

October 13, 2022 - 8:08 pm

ന്യൂയോര്‍ക്ക്: ഛിന്നഗ്രഹ പതനത്തില്‍ നിന്ന് ഭൂമിയെ രക്ഷിക്കുന്നതു ലക്ഷ്യമിട്ടുള്ള നാസയുടെ ദൗത്യം ഡാര്‍ട്ട്(ദ് ഡബിള്‍ ആസ്ട്രോയ്സ് റീഡയറക്ഷന്‍ ടെസ്റ്റ്) വിജയം. നാസയുടെ ഡാര്‍ട്ട് പേടകത്തിന്റെ ”ഇടിയുടെ” ആഘാതത്തില്‍ ദിമോര്‍ഫസ് ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ മാറ്റംവന്നതായി നാസ കണ്ടെത്തി. 11 മണിക്കൂര്‍ 55 മിനിറ്റുകൊണ്ടാണ് മാതൃഛിന്നഗ്രഹമായ ദിദിമോസിനെ ദിമോര്‍ഫസ് ചുറ്റിയിരുന്നത്. ഇത് 11 മണിക്കൂര്‍ 23 മിനിറ്റായി ചുരുങ്ങി. മാറ്റം 32 മിനിറ്റ്. 10 മിനിറ്റിന്റെ മാറ്റമാണു നാസ പ്രതീക്ഷിച്ചിരുന്നത്. 6.6 കോടി വര്‍ഷം മുമ്പ് ഭൂമിയില്‍ നിന്ന് ഡിനസോറുകളെ ഇല്ലാതായത് 9.6 കിലോമീറ്റര്‍ വീതിയുള്ള ഒരു ഛിന്നഗ്രഹം പതിച്ചതുമൂലമാണെന്നാണ് ശാസ്ത്രം പറയുന്നത്. സമാന ഭീഷണി ഒഴിവാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് 2585.37 കോടി രൂപ ചെലവിട്ട് ഡാര്‍ട്ട് വിക്ഷേപിച്ചത്. ഭൂമിയില്‍നിന്ന് 1.09 കോടി കിലോമീറ്റര്‍ അകലെവച്ച് സെപ്റ്റംബർ 26 നാണ് ഡാര്‍ട്ട് മണിക്കൂറില്‍ 24140.16 കിലോമീറ്റര്‍ വേഗത്തില്‍ ദിമോര്‍ഫസിലേക്ക് ഇടിച്ചുകയറിയത്. കൂട്ടിയിടിയെ തുടര്‍ന്നു ദിമോര്‍ഫസിനു കിലോമീറ്ററുകളോളം ദൂരത്തില്‍ വാല്‍രൂപപ്പെട്ടിരുന്നു. പൊടിപടലങ്ങളായിരുന്നു വാല്‍ രൂപത്തില്‍ പ്രത്യക്ഷമായത്.

ഡാര്‍ട്ട് ദൗത്യം കഴിഞ്ഞ വര്‍ഷം നവംബറിലാണ് വിക്ഷേപിച്ചത്. ഇരട്ട ഛിന്നഗ്രഹങ്ങളായാണു ദിദിമോസും ദിമോര്‍ഫസും വിശേഷിപ്പിക്കപ്പെടുന്നത്. ദിദിമോസ് എന്ന വലിയ ഛിന്നഗ്രഹത്തെ ചുറ്റുകയാണു ദിമോര്‍ഫസ്.525 അടിയാണ് ദിമോര്‍ഫസിന്റെ വീതി. കൂട്ടിയിടി ഫലങ്ങള്‍ ഛിന്നഗ്രഹങ്ങളെ ലക്ഷ്യമിട്ടുള്ള ഭാവി ദൗത്യങ്ങള്‍ക്കു പ്രധാനമാകുമെന്നു നാസയുടെ പ്ലാനറ്ററി ഡിവിഷന്‍ ഡയറക്ടര്‍ ലോറി പറഞ്ഞു. ഭൂമിയെ ലക്ഷ്യമാക്കിവരുന്ന വസ്തുക്കളെ എങ്ങനെ നേരിടണം എന്ന് വ്യക്തമാകാന്‍ കൂട്ടിയില്‍നിന്നു ലഭിച്ച വിവരങ്ങള്‍ നിര്‍ണായകമാണ്. നാസയുടെ ജയിംസ്വെബ്, ഹബിള്‍ ദൂരദര്‍ശിനികള്‍ ഉപയോഗിച്ചു ഇടിയുടെ ആഘാതം തുടര്‍ന്നും പഠിക്കും.

76 ലക്ഷം കിലോമീറ്റര്‍ വരെ ഭൂമിക്കടുത്തെത്തുന്ന ഛിന്നഗ്രഹങ്ങളാണു ഭൂമിക്കു ഭീഷണിയായി കരുതപ്പെടുന്നത്. 460 അടിയില്‍ കൂടുതല്‍ വലിപ്പമുള്ളവ ഭൂമിയില്‍ പതിച്ചാലാകും നാശനഷ്ടമുണ്ടാകുക. ഭൂമിക്ക് ഭീഷണിയായി 27,000 ഇത്തരം വസ്തുക്കളെയാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *