റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റിയല്‍ ഫ്രീഡം റാലിക്കിടെ ഇമ്രാന്‍ ഖാനു വെടിയേറ്റു

November 4, 2022 - 12:00 pm

കറാച്ചി: പാകിസ്താന്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ റിയല്‍ ഫ്രീഡം റാലി നടത്തുന്നതിനിടെ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വധിക്കാന്‍ ശ്രമം. വെടിവയ്പ്പില്‍ കാലിനു പരുക്കേറ്റ ഇമ്രാന്‍ രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. അക്രമിയായ യുവാവിനെ കീഴ്പ്പെടുത്തി പോലീസിനു കൈമാറി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇമ്രാന്റെ ആരോഗ്യസ്ഥിതി തൃപ്തികരം. സംഭവത്തില്‍ ഒരാള്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്.

പാക് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ എഴുപതുകാരനായ ഇമ്രാന്‍ ഖാന്‍ നയിക്കുന്ന പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫ്(പി.ടി.ഐ) പാര്‍ട്ടിയുടെ നേതൃത്വത്തിലായിരുന്നു റിയല്‍ ഫ്രീഡം റാലി. റാലിയുടെ ഭാഗമായി 03/11/2022 ഉച്ചകഴിഞ്ഞു പഞ്ചാബ് പ്രവിശ്യയിലെ വസീറാബാദില്‍ കണ്ടെയ്നര്‍ ട്രക്കിനു മുകളില്‍ കയറിനിന്നു പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു അക്രമി വെടിയുതിര്‍ത്തത്. വലതുകാലിനു പരുക്കേറ്റ മുന്‍ പ്രധാനമന്ത്രിയെ ഉടന്‍തന്നെ ബുള്ളറ്റ് പ്രൂഫ് വാഹനത്തിലേക്കു മാറ്റി ലാഹോറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിനു ബാന്‍ഡേജ് ഇടേണ്ടിവന്നത് ഒഴിച്ചാല്‍ ഇമ്രാനു കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.

ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാരിനെതിരേ ഇസ്ലാമാബാദിലേക്കു സംഘടിപ്പിച്ച റാലിയില്‍ വന്‍ ജനാവലിയാണു വസീറാബാദിലെ സഫര്‍ അലിഖാന്‍ ചൗക്കില്‍ തടിച്ചുകൂടിയത്. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് അക്രമി വെടിയുതിര്‍ക്കുന്നതിന്റെയും ഇയാളെ ഒരു യുവാവിന്റെ നേതൃത്വത്തില്‍ കീഴ്പ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ ഇമ്രാനു പുറമേ രണ്ടു പി.ടി.ഐ. നേതാക്കള്‍ക്കും അഞ്ചു പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. വെടിവയ്പ്പില്‍ പരുക്കേറ്റ പ്രവര്‍ത്തകരില്‍, മുപ്പത്തഞ്ചുകാരനായ ഒരാള്‍ ആശുപത്രിയില്‍ മരിച്ചതായി പി.ടി.ഐ. നേതാവിനെ ഉദ്ധരിച്ചു പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജനത്തെ വഴിതെറ്റിക്കുന്ന ഇമ്രാനെ വധിക്കാന്‍തന്നെയാണു ലക്ഷ്യമിട്ടതെന്ന് അറസ്റ്റിലായ അക്രമി വെളിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മറ്റാരുടെയും പ്രേരണയോ സഹായമോ ലഭിച്ചിട്ടില്ലെന്നും പോലീസ് പുറത്തുവിട്ട വീഡിയോയില്‍ ഇയാള്‍ പറയുന്നുണ്ട്. ഓട്ടോമാറ്റിക്‌ െറെഫിളുമായി മറ്റൊരു അക്രമികൂടി സംഭവസ്ഥലത്തുണ്ടായിരുന്നെന്നു റിപ്പോര്‍ട്ടുണ്ടെങ്കിലും ഇതിനു സ്ഥിരീകരണമില്ല.ആക്രമണത്തെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അപലപിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *