ന്യൂഡല്‍ഹി: സാങ്കേതികവിദ്യ, ഊര്‍ജം തുടങ്ങിയ മേഖലകളിലെ നിക്ഷേപക്കുതിപ്പിലൂടെ, 2027 ആകുമ്പോഴേക്ക് ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക വന്‍ശക്തിയാകുമെന്നു റിപ്പോര്‍ട്ട്. ജപ്പാനെയും ജര്‍മനിയേയും പിന്തള്ളിയാകും ഇന്ത്യയുടെ മുന്നേറ്റം. 2030 ആകുമ്പോഴേക്ക് ലോകത്തെ മൂന്നാമത്തെ വലിയ ഓഹരിവിപണിയായും ഇന്ത്യ വളരുമെന്ന് യു.എസ്. കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ആഗോള സാമ്പത്തിക സേവന കമ്പനിയായ മോര്‍ഗന്‍ സ്റ്റാന്‍ലി പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.റിപ്പോര്‍ട്ട് പ്രകാരം ആഴക്കടല്‍ മത്സ്യബന്ധനം, ഡിജിറ്റൈലസേഷന്‍, ഊര്‍ജൈക്കമാറ്റം എന്നിവയാകും ഇന്ത്യയുടെ അഭൂതപൂര്‍വമായ സാമ്പത്തികവളര്‍ച്ചയ്ക്കു കാരണമാകുക.
2031 ആകുമ്പോഴേക്ക് ഇന്ത്യയുടെ ആഭ്യന്തരവളര്‍ച്ചാനിരക്ക് (ജി.ഡി.പി) ഇപ്പോഴത്തേതില്‍ നിന്ന് (3.5 ലക്ഷം കോടി ഡോളര്‍) ഇരട്ടിയിലേറെ (7.5 ലക്ഷം കോടി ഡോളര്‍) വര്‍ധിക്കുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ ഇന്ത്യയിലെ ചീഫ് ഇക്വിറ്റി സ്ട്രാറ്റജിസ്റ്റ് റിഥം ദേശായ് ചൂണ്ടിക്കാട്ടി.
ആഗോള കയറ്റുമതി പങ്കാളിത്തവും ഇക്കാലയളവില്‍ ഇരട്ടിയാകും.ബോംബെ സ്റ്റോക് എക്സ്ചേഞ്ച് 11% വാര്‍ഷികവളര്‍ച്ച നേടും. രാജ്യത്തിന്റെ ഓഹരി മൂലധനം അടുത്ത ദശാബ്ദത്തിനുള്ളില്‍ 10 ലക്ഷം കോടി ഡോളറാകുമെന്നും ”സമീപഭാവിയില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച” എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
കോവിഡാനന്തരകാലത്ത് കമ്പനി സി.ഇ.ഒമാര്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ ഉത്സുകരാണ്. ഇന്ത്യയില്‍ തുടര്‍ന്ന് വിദേശജോലികള്‍ ചെയ്യുന്നവരുടെ എണ്ണം അടുത്ത ദശാബ്ദങ്ങളില്‍ ഇരട്ടിയിലേറെയാകും.ഔട്ട്സോഴ്സിങ്ങിലൂടെയുള്ള ദേശീയവരുമാനം 2030 ആകുമ്പോഴേക്ക് 180 ശതകോടി ഡോളറില്‍നിന്ന് 500 ശതകോടി ഡോളറാകും. കോര്‍പറേറ്റ് നികുതിയിളവ്, നിക്ഷേപകര്‍ക്ക് ആനുകൂല്യങ്ങള്‍, അടിസ്ഥാന സൗകര്യവികസനം എന്നിവ ഉത്പാദനമേഖലയിലെ മൂലധനനിക്ഷേപത്തില്‍ ഉണര്‍വുണ്ടാക്കി. ലോകത്തിന്റെ ഫാക്ടറിയാകാനുള്ള കുതിപ്പിലാണ് ഇന്ത്യ.
ഉത്പാദനമേഖലയിലെ ഇന്ത്യയുടെ പങ്കാളിത്തം 2031 ആകുമ്പോഴേക്ക് ജി.ഡി.പിയുടെ 21 ശതമാനമായി വര്‍ധിക്കും. ഈ സാമ്പത്തികവര്‍ഷം അത് 15.6 ശതമാനമാണ്. ഡിജിറ്റല്‍ രംഗത്തെ അടിസ്ഥാനസൗകര്യവികസനത്തിലും ഇന്ത്യ വളര്‍ച്ചയുടെ പാതയിലാണ്.ഒരു ദശാബ്ദം മുമ്പ് ആധാര്‍ പദ്ധതി നടപ്പാക്കിയതിലൂടെ ഇന്ത്യ ഡിജിറ്റല്‍ സമ്പദ്ഘടനയ്ക്ക് അടിസ്ഥാനശിലയിട്ടു. വിപണിയിലിറക്കാന്‍ തക്ക വരുമാനം ഇപ്പോള്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കുണ്ട്. ദേശീയ ഉപഭോഗം രണ്ടുലക്ഷം കോടി ഡോളറില്‍ നിന്ന് 2030-ല്‍ 4.9 ലക്ഷം കോടി ഡോളറിലെത്തും.
