ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ഇന്ത്യ ജി20 രാജ്യങ്ങളുടെ അധ്യക്ഷ പദവി വഹിക്കുന്നതിന്റെ ഭാഗമായി പ്രകാശനം ചെയ്ത ലോഗോയില്‍, ബി.ജെ.പിയുടെ ചിഹ്നമായ താമരയുടെ ചിത്രം ഉപയോഗിച്ചതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്. സ്വയം പ്രമോട്ട് ചെയ്യുന്നതിനു ബി.ജെ.പിക്ക് ഒരു മടിയുമില്ലെന്നാണ് ഇതു തെളിയിക്കുന്നതെന്നു കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു. 70 വര്‍ഷം മുമ്പ് കോണ്‍ഗ്രസ് പതാക ദേശീയ പതാകയാക്കാന്‍ നീക്കം നടന്നതാണ്. ആ നീക്കം തടഞ്ഞത് ജവാഹര്‍ലാല്‍ നെഹ്റുവാണെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ കമല്‍നാഥിന്റെ പേരില്‍നിന്ന് ‘കമല്‍(താമര) മാറ്റുമോ എന്ന മറുചോദ്യമായാണു ബി.ജെ.പി വക്താവ് ഷെഹ്സാദ് പൂനവാല ഉന്നയിച്ചത്. താമര ദേശീയ പുഷ്പമാണ്. നമ്മുടെ ദേശീയ പുഷ്പത്തെയാണോ നിങ്ങള്‍ എതിര്‍ക്കുന്നത്? രാജീവ് എന്ന വാക്കിന്റെ അര്‍ഥവും താമരയെന്നാണ്.- അദ്ദേഹം ട്വീറ്റ് ചെയ്തു.
