തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ മൊഴി നല്കാന് സമയം തേടി ആനാവൂര്‍ നാഗപ്പന്. പറയാനുള്ളത് മാധ്യമങ്ങളോട് പറഞ്ഞെന്നും ആനാവൂര്‍ പറഞ്ഞു. ആനാവൂരിന്റെ മൊഴി എടുത്തിട്ടില്ലെന്നും ഫോണ്‍ വിളിച്ച് വിവരങ്ങള്‍ ശേഖരിച്ചെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ വ്യക്തമാക്കി.
അതേസമയം നഗരസഭയിലെ പിൻവാതിൽ നിയമനങ്ങളിൽ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. നഗരസഭയുടെ ആരോഗ്യവിഭാഗത്തിൽ നിയമനം നൽകാനുള്ള മേയറുടെ പേരിലുള്ള ശുപാർശ കത്ത് പുറത്തായതിന് പിന്നാലെ നാല് പരാതികള്‍ വിജിലൻസ് ഡയറക്ടർക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഉത്തരവിട്ടത്. ആര്യ രാജേന്ദ്രന്റെയും, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഡി ആർ അനിലിന്റെയും ശുപാർശ കത്തിലും പിൻവാതിൽ നിയമനങ്ങളിലുമാണ് അന്വേഷണം നടത്തുക.
നഗരസഭയിലെ പിൻവാതിൽ നിയമനങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് മുൻ കൗണ്‍സിലർ ശ്രീകുമാറാണ് പരാതി നൽകിയത്. തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് – ഒന്ന് ആകും അന്വേഷണം നടത്തുക.
