റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ്; ഒന്നാമതെത്തി പാലക്കുഴ

November 21, 2022 - 10:54 pm

മാലിന്യ സംസ്‌കരണം സ്മാര്‍ട്ടാക്കി പാലക്കുഴ ഗ്രാമ പഞ്ചായത്ത്. മാലിന്യ സംസ്‌കരണം സുതാര്യമാക്കുന്നതിനായി കെല്‍ട്രോണുമായി സഹകരിച്ച് ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍ എന്നിവ സംയുക്തമായി നടപ്പാക്കുന്ന ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്ലിക്കേഷന്റെ എന്റോള്‍മെന്റ് പൂര്‍ത്തിയായ എറണാകുളം ജില്ലയിലെ ആദ്യ ഗ്രാമ പഞ്ചായത്ത് എന്ന നേട്ടമാണ് പാലക്കുഴ പഞ്ചായത്ത് സ്വന്തമാക്കിയത്. 

വീടുകളിലും സ്ഥാപനങ്ങളിലും ഹരിതമിത്രം ആപ്ലിക്കേഷന്റെ ക്യു.ആര്‍ കോഡുകള്‍ പതിപ്പിച്ചാണ് പദ്ധതിയുടെ ഭാഗമാക്കിയത്. ഇത്തരത്തില്‍ 3911  ക്യു.ആര്‍ കോഡുകളാണു പതിച്ചത്. ഒക്ടോബര്‍ 15 നായിരുന്നു പഞ്ചായത്തിലെ എന്റോള്‍മെന്റ് നടപടികള്‍ ആരംഭിച്ചത്. ഭരണസമിതിയുടെ നേതൃത്വത്തില്‍ കെല്‍ട്രോണിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഹരിത കര്‍മസേനയിലെ 17 അംഗങ്ങള്‍ ചേര്‍ന്നാണു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. 

നിലവില്‍ ജില്ലയില്‍ 4 പഞ്ചായത്തുകളിലാണ്  എന്റോള്‍ പൂര്‍ത്തിയായത്. പാലക്കുഴയ്ക്കു പിന്നാലെ ചോറ്റാനിക്കര, എടവനക്കാട്, എടക്കാട്ടുവയല്‍ എന്നിവിടങ്ങളിലാണ് മുഴുവന്‍ വീടുകളെയും  സ്ഥാപനങ്ങളെയും പദ്ധതിയുടെ ഭാഗമാക്കിയിട്ടുള്ളത്.

തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനായി നിരീക്ഷിക്കുന്നതിനാണ് ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മാനേജ്മെന്റ് സിസ്റ്റം ആവിഷ്‌കരിച്ചത്. പഞ്ചായത്ത് പരിധിയിലെ വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങി മാലിന്യം രൂപപ്പെടുന്ന സ്ഥലങ്ങളുടെയും നിലവിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെയും വിവരങ്ങള്‍ ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ചാണ് പ്രവര്‍ത്തനം.

ഹരിത കര്‍മ്മ സേനയുടെ യൂസര്‍ ഫീ ശേഖരണം, കലണ്ടര്‍ പ്രകാരമുള്ള പാഴ്വസ്തു ശേഖരണം തുടങ്ങിയവയും അറിയാനാകും. മാത്രമല്ല ഗുണഭോക്താക്കള്‍ക്കു സേവനം ആവശ്യപ്പെടുന്നതിനും പരാതികള്‍ അറിയിക്കുന്നതിനും ഫീസുകള്‍ അടയ്ക്കുന്നതിനും ഹരിത മിത്രത്തിലൂടെ സാധ്യമാകും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *