റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മംഗളുരു സ്ഫോടനക്കേസ് പ്രതി കൊച്ചിയിലും മുനമ്പത്തും നോര്‍ത്ത് പറവൂരൂം എത്തിയതായി വിവരം

November 29, 2022 - 10:56 am

കൊച്ചി: മംഗളുരു സ്ഫോടനക്കേസില്‍ പിടിയിലായ പ്രതി കര്‍ണാടക തീര്‍ഥഹള്ളി സ്വദേശി മുഹമ്മദ് ഷാരിഖ് ആലുവയ്ക്കു പുറമേ പനമ്പള്ളിനഗറിലും മുനമ്പത്തും നോര്‍ത്ത് പറവൂരൂം എത്തിയതായി വിവരം. ചെറു വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സ്ഫോടനം ലക്ഷ്യമിട്ടായിരുന്നു സന്ദര്‍ശനമെന്ന സംശയത്തെത്തുടര്‍ന്ന് അന്വേഷണ ഏജന്‍സികള്‍ വിശദമായ അന്വേഷണം തുടങ്ങി. ആലുവയില്‍ അഞ്ചു ദിവസത്തോളം താമസിച്ച ഇയാള്‍ കൊച്ചി നഗരത്തിലും എത്തിയതിന്റെ സൂചനകളാണു ലഭിച്ചത്.

കേരളത്തിനു പുറമേ തമിഴ്നാട്ടിലും ഇയാള്‍ യാത്രചെയ്തതിന്റെ വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്. കുളച്ചലിലും കന്യാകുമാരിയിലും താമസിച്ചിരുന്ന മുഹമ്മദ് ഷാരിഖിന്റെ ഈ സ്ഥലങ്ങളിലെ സന്ദര്‍ശനലക്ഷ്യം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. കേരളത്തില്‍ ഷാരിഖുമായി നിരവധിപ്പേര്‍ കൂടിക്കാഴ്ച നടത്തിയെന്നാണു നിഗമനം. ഇവരുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. ഷാരിഖ് തനിച്ചല്ല കേരളത്തിലെത്തിയത് എന്നതിന്റെ സൂചനകളും ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കു പ്രാദേശക സഹായം നല്‍കിയവരെക്കുറിച്ചുള്ള അന്വേഷണവും നടക്കുന്നു.
മുഹമ്മദ് ഷരീഖ് ഉഡുപ്പി ശ്രീകൃഷ്ണമഠവും സന്ദര്‍ശിച്ചിരുന്നതായി ഇതിനിടെ പോലീസ് കണ്ടെത്തി. സ്ഫോടനം നടത്തുന്നതിനു ദിവസങ്ങള്‍ക്കുമുമ്പ്, ഒക്ടോബര്‍ 11 ന് ശ്രീകൃഷ്ണമഠം സന്ദര്‍ശിച്ചശേഷം ഇയാള്‍ ഉഡുപ്പിയിലെ കാര്‍സ്ട്രീറ്റില്‍ അലഞ്ഞുതിരിയുകയായിരുന്നു.

ഇവിടെവച്ച് ആരെയോ ഇയാള്‍ ഫോണില്‍ വിളിച്ചതായും പോലീസ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് മംഗളുരു പൊലീസ് മഠത്തിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്.ഇതോടൊപ്പം കാര്‍സ്ട്രീറ്റിലെ കടകളിലെയും മറ്റു സ്ഥാപനങ്ങളിലെയും സിസിടിവികളും നിരീക്ഷിക്കുന്നുണ്ട്. പ്രതി ഇവിടെ സ്ഫോടനം നടത്താന്‍ വേണ്ടിയാണോ മണിക്കൂറുകളോളം തങ്ങിയതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

മംഗളൂരു നഗരത്തില്‍ സ്ഫോടനം നടത്തുന്നതിനു മുമ്പ് ഷരീഖ് സാറ്റെലെറ്റ് ഫോണ്‍കോളുകള്‍ വിളിച്ചതായും കണ്ടെത്തി. കേരളത്തിലെ ആരാധനാലയങ്ങളുടെ പരിസരത്ത് ഇയാള്‍ എത്തിയിട്ടുണ്ടോ എന്നറിയാനും ശ്രമം നടക്കുന്നു.
മംഗളുരുവില്‍ ഓട്ടോറിക്ഷ സ്ഫോടനത്തില്‍ പരുക്കേറ്റ ഷാരിഖ് നിലവില്‍ ഫാദര്‍ മുള്ളര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സയില്‍ കഴിഞ്ഞ് ഷാരിഖിനെ ചോദ്യം ചെയ്താല്‍ മാത്രമേ കേരളത്തിലും തമിഴ്നാട്ടിലും ഉള്‍പ്പടെ ഇയാള്‍ നടത്തിയ തുടര്‍യാത്രകളുടെ ലക്ഷ്യം സംബന്ധിച്ച് വ്യക്തത വരൂ. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇയാളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംസ്ഥാന എ.ടി.എസിനു െകെമാറിയിട്ടുണ്ടെന്നാണു വിവരം. ഇയാളുടെ വീട്ടിലുള്‍പ്പടെ കേന്ദ്ര ഏജന്‍സികള്‍ പരിശോധന നടത്തുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *