റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉപസമിതി റിപ്പോര്‍ട്ട് നല്‍കി: സഹകരണബാങ്കുകള്‍ക്ക് വായ്പാ നിയന്ത്രണം

December 8, 2022 - 8:33 am

തൃശൂര്‍: സഹകരണ ബാങ്കുകള്‍ 10 ലക്ഷം രൂപയില്‍ കൂടുതല്‍ വായ്പ നല്‍കുന്നതിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തും. ഒരുമാസത്തിനകം പുതിയ ക്രമീകരണം നിലവില്‍ വരുമെന്നാണ് സൂചന. കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് മോഡല്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള കരുതല്‍ നടപടികളുടെ ഭാഗമായാണ് നിയന്ത്രണങ്ങള്‍. ഇതിനു ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. കരുവന്നൂര്‍ സഹകരണബാങ്കില്‍ അരങ്ങേറിയ തട്ടിപ്പിനെക്കുറിച്ച് പഠിച്ച ഉന്നതതല ഉദ്യോഗസ്ഥസമിതിയുടെ റിപ്പോര്‍ട്ടിലാണ് നിര്‍ദേശം. ബാങ്കില്‍ നിന്നുമെടുക്കുന്ന വായ്പത്തുക വിനിയോഗിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ വിശദ റിപ്പോര്‍ട്ട് നല്‍കണമെന്ന് ശിപാര്‍ശയുണ്ട്.

വിദഗ്ധരെ ഉള്‍പ്പെടുത്തിയുള്ള കമ്മിറ്റികളുടെ അന്തിമതീരുമാനത്തിനു വിധേയമായി നീങ്ങണമെന്നാണ് നിര്‍ദേശം. വായ്‌പെയടുക്കുന്നത് നിര്‍മാണങ്ങള്‍ക്കാണെങ്കില്‍ കെട്ടിടത്തിന്റെ പ്ലാന്‍, എസ്റ്റിമേറ്റ് എന്നിവ നല്‍കണം. അപേക്ഷകള്‍ പ്രഫഷണല്‍ ഡയറക്ടര്‍മാര്‍, ബാങ്ക് സെക്രട്ടറി എന്നിവരടങ്ങിയ ഉപസമിതി പരിശോധിക്കണം. തുടര്‍ന്ന് വായ്പയ്ക്കായി ശിപാര്‍ശ ചെയ്യണം. ഇക്കാര്യം വ്യക്തമാക്കി സഹകരണസംഘം രജിസ്ട്രാര്‍ സര്‍ക്കുലര്‍ ഇറക്കണമെന്നും നിര്‍ദേശമുണ്ട്. നിര്‍മാണത്തിനുള്ള വായ്പകളില്‍ പ്ലാന്‍പ്രകാരം ഒരോ ഘട്ടവും പൂര്‍ത്തിയാകുന്ന മുറയ്ക്ക് വായ്പത്തുക തവണകളായി അനുവദിക്കാമെന്നാണ് നിര്‍ദേശം. ബാങ്കുകള്‍ ഇപ്പോള്‍ ഈ രീതിയാണ് അവലംബിക്കുന്നത്.

കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പിന്റെ രീതി മറ്റു സംഘങ്ങളിലും ആവര്‍ത്തിക്കാനിടയുള്ളതാണെന്നു സമിതി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇതു തടയാന്‍ എട്ടുനിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. സഹകരണസംഘം അഡീഷല്‍ രജിസ്ട്രാര്‍ ഉള്‍പ്പെടുന്നതാണ് സമിതി. ജീവനക്കാരെ ഒരേ ചുമതലകളില്‍ രണ്ടുവര്‍ഷത്തിലധികം ഇരുത്തരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സഹകരണ രജിസ്ട്രാര്‍ സര്‍ക്കുലര്‍ ഇറക്കും.

പ്രധാന നിര്‍ദേശങ്ങള്‍

എല്ലാ വായ്പാ സഹകരണസംഘങ്ങളിലും പ്രഫഷനല്‍ ഡയറക്ടര്‍മാരെ ഉള്‍പ്പെടുത്തണം. അവരുടെ നിര്‍ദേശങ്ങള്‍ വസ്തുതാപരമായി വിലയിരുത്തണം. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വസ്തുവിന്റെ മൂല്യനിര്‍ണയത്തില്‍ ക്രമക്കേടുണ്ടായി. ഈട് വസ്തുവിന്റെ വിപണി മൂല്യം പെരുപ്പിച്ച് കാണിച്ചാണ് വന്‍തുകയുടെ വായ്പ തരപ്പെടുത്തിയത്. സമാന രീതി മറ്റ് സംഘങ്ങളിലും നടക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍, ഈട് മൂല്യനിര്‍ണയത്തിന് പ്രത്യേകസംവിധാനം വേണം.

10 ലക്ഷത്തില്‍ കൂടുതല്‍ വായ്പ നല്‍കുമ്പോള്‍ ഈട് വസ്തുക്കളുടെ മൂല്യനിര്‍ണയം നടത്താന്‍ വാണിജ്യ ബാങ്കുകളുടെ മാതൃക സ്വീകരിക്കണം. മുന്‍പരിചയവും യോഗ്യതയുമുള്ള വാല്യുവര്‍മാരുടെ പാനല്‍ സഹകരണസംഘം രജിസ്ട്രാര്‍ തയാറാക്കണം.

എം.ഡി.എസ്. എന്ന പേരിലുള്ള ചിട്ടി ഇടപാടുകള്‍ സംഘങ്ങളുടെ കണക്കില്‍ ഉള്‍പ്പെടുത്തുന്നതില്‍ കൂടുതല്‍ വ്യക്തത വരുത്തണം.എം.ഡി.എസ്. ഏകീകൃതരീതിയിലല്ല സംഘങ്ങള്‍ നടത്തുന്നത്. ഇതിന് പൊതുനിബന്ധനയില്ല. കണക്കെഴുത്ത് രീതി ഏകീകൃതമാക്കണമെന്നും നിര്‍ദേശിച്ചു.

സഹകരണ ഓഡിറ്റ് സംവിധാനം ഫലപ്രദമായി ശക്തിപ്പെടുത്താന്‍ ആദ്യഘട്ടത്തില്‍ പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ ടീം ഓഡിറ്റ് ആരംഭിച്ചു. സംസ്ഥാനമൊട്ടാകെ ടീം ഓഡിറ്റ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി വകുപ്പിലെ എല്ലാ ഓഡിറ്റര്‍മാര്‍ക്കുമുള്ള ട്രെയിനിങ് തിരുവനന്തപുരത്ത് ആരംഭിച്ചു. 11 ജില്ലകളിലെ ഓഡിറ്റര്‍മാരുടെ പരിശീലനം നടത്തി, ഡിസംബറോടെ പൂര്‍ത്തിയാക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *