റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാർബൺ ക്രെഡിറ്റ് ഫണ്ട് സമ്പന്നരാഷ്ട്രങ്ങളിലുള്ളവർക്ക് പാവങ്ങളെ പറ്റിക്കാനുള്ള ഒരു ഉപാധി: പി.സി.ജോർജ്

December 24, 2022 - 7:46 am

ഈരാറ്റുപേട്ട: ബഫർ സോൺ വിഷയത്തിൽ സർക്കാർ പുറത്തിറക്കിയ സർവ്വേ പ്രകാരം നാട്ടിൽ മനുഷ്യർക്ക് താമസിക്കാനാവില്ലെന്നും വന്യമൃഗങ്ങൾ മാത്രം അവശേഷിക്കുമെന്നും ജനപക്ഷം സെക്കുലർ പാർട്ടി നേതാവ് പി.സി. ജോർജ്. കാർബൺ ക്രെഡിറ്റ് ഫണ്ട് എന്നത് സമ്പന്നരാഷ്ട്രങ്ങളിലുള്ളവർക്ക് പാവങ്ങളെ പറ്റിക്കാനുള്ള ഒരു ഉപാധി മാത്രമാണെന്നും ഈ ഫണ്ട് വാങ്ങി കേരളത്തെ എന്തിനാണ് വനഭൂമിയാക്കി മാറ്റുന്നതെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിലെ വനംവകുപ്പ് ഈ വർഷം മാത്രം 1000 കോടി രൂപ കാർബൺ ക്രെഡിറ്റ് ഫണ്ടായി വാങ്ങിയിട്ടുണ്ട് . ഇത് എന്തിനു വേണ്ടിയാണ് ചെലവഴിച്ചതെന്ന് ആർക്കും അറിയില്ല.

ഇടുക്കി ജില്ലയിലെ 72.44 ശതമാനവും ഔദ്യോഗിക വനമാണ്. ഈ വനഭൂമിയിൽ ഒരു കിലോമീറ്റർ ബഫർ സോൺ എന്നതിനർഥം 31 വില്ലേജുകളിൽ താമസിക്കുന്ന ജനങ്ങൾ ഇല്ലാതാവുന്നു എന്നാണ്. ചുരുക്കത്തിൽ മനുഷ്യവാസമില്ലാത്ത, കടുവയുടെയും ആനയുടെയും കാട്ടുപന്നിയുടെയും മാത്രം സ്ഥലമായി ഇടുക്കി മാറും. ഇത് അനുവദിച്ചു കൊടുക്കാനാവില്ല. 600 കിലോമീറ്റർ നീളവും 67 കിലോമീറ്റർ ശരാശരി വീതിയുമുള്ള കേരളത്തിൽ നിലവിൽ 3 കോടി 60 ലക്ഷം ജനങ്ങളുണ്ട്. ഇത്രയും ജനം താമസിക്കേണ്ട ഈ കൊച്ചുസ്ഥലത്ത് ഇപ്പോൾ തന്നെ 31 ശതമാനം വനമാണ്. ഇനിയും വനഭൂമി കൂട്ടാൻ അനുവദിക്കണോ?, പി.സി ജോർജ് ചോദിച്ചു.

മാത്രമല്ല, ഒരു കിലോമീറ്റർ ബഫർ സോൺ എന്നത് ആകാശദൂരമാണ്. റോഡ് മാർഗം വരുമ്പോൾ ഒമ്പത് കിലോമീറ്റർ അടുപ്പിച്ച് വരും. ഇവിടെയുള്ള മനുഷ്യരൊക്കെ നാടുവിട്ടു പോകേണ്ടിവരും. ഇപ്പോൾ എന്തായാലും മുഖ്യമന്ത്രിക്ക് ജനവികാരം കുറേയൊക്കെ മനസ്സിലായിട്ടുണ്ട്. അതനുസരിച്ചുള്ള നടപടികൾ ഉണ്ടാകുമോയെന്ന് നോക്കാമെന്ന് പി സി ജോർജ് പറഞ്ഞു. ഈ വിഷയത്തിൽ പ്രതിഷേധം കടുപ്പിക്കണോ വേണ്ടയോ എന്ന് മുഖ്യമന്ത്രിയുടെ ഇനിയുള്ള നിലപാടനുസരിച്ച് ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

62 ലക്ഷം മുടക്കി നടത്തിയ ആകാശസർവ്വേ മുഴുവൻ തട്ടിപ്പാണ്. ആ റിപ്പോർട്ട് പ്രകാരം, എരുമേലിയ്ക്കപ്പുറം കുമളി എന്നാണ് കാണിച്ചിരിക്കുന്നത്. ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിലെ ഒരുപറ്റം മഠയൻമാർ ഉണ്ടാക്കിയെടുത്ത റിപ്പോർട്ടാണിത്. അതുപോലെ, പള്ളിയും അമ്പലവും മസ്ജിദുമൊക്കെയുള്ള എരുമേലി പഞ്ചായത്തിലെ രണ്ട് വാർഡുകൾ വനമാണെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. കോരുത്തോട് പഞ്ചായത്തിലെ ഏഴ് വാർഡുകൾ ഇക്കോളജിക്കലി ഫ്രജൈൽ മേഖലയാണെന്നും ഇവിടെ മനുഷ്യവാസം പറ്റില്ലെന്നും പറയുന്നു. ഇത് അനുവദിച്ചുകൊടുക്കാനാവില്ലെന്നും പി.സി ജോർജ് പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *