ന്യൂഡല്‍ഹി: ന്യൂഡല്‍ഹി ടെലിവിഷന്‍ ലിമിറ്റഡില്‍ (എന്‍.ഡി.ടിവി) തങ്ങള്‍ക്കു ബാക്കിയുള്ള ഓഹരികളില്‍ ഭൂരിഭാഗവും അദാനി ഗ്രൂപ്പിന് വില്‍ക്കുമെന്ന് സ്ഥാപകരായ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും.എ.എം.ജി മീഡിയ നെറ്റ്‌വര്‍ക്ക് ഉടമ ഗൗതം അദാനി എന്‍.ഡി.ടിവിയുടെ മൂല്യങ്ങളും വിശ്വാസ്യതയും സ്വാതന്ത്ര നിലപാടും സംരക്ഷിക്കുമെന്നു പ്രതീക്ഷിക്കുന്നതായി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ സംയുക്ത പ്രസ്താവനയില്‍ സ്ഥാപകര്‍ പറഞ്ഞു.എ.എം.ജി മീഡിയ നെറ്റ്‌വര്‍ക്ക് ഇപ്പോള്‍ എന്‍ഡിടിവിയിലെ ഏറ്റവും വലിയ ഓഹരി ഉടമയാണ്. ഓപ്പണ്‍ ഓഫര്‍ ആരംഭിച്ചതുമുതല്‍ അദാനിയുമായുള്ള തങ്ങളുടെ ചര്‍ച്ചകള്‍ ക്രിയാത്മകമായിരുന്നുവെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.പ്രണോയ് റോയിക്കും ഭാര്യക്കും എന്‍.ഡി.ടിവിയില്‍ നിലവില്‍ 32.26 ശതമാനം ഓഹരിയും അദാനി ഗ്രൂപ്പിന് കമ്പനിയില്‍ 37.44 ശതമാനം ഓഹരിയുമുണ്ട്. 32.26 ശതമാനം ഓഹരികളില്‍, ദമ്പതികള്‍ 27.26 ശതമാനമാണ് വില്‍ക്കുന്നത്. ബാക്കി അഞ്ച് ശതമാനം ഓഹരി െകെവശം വയ്ക്കും. ഇതോടെ അദാനിയുടെ െകെയില്‍ 65 ശതമാനം ഓഹരികളെത്തും.
