റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുഖ്യമന്ത്രിക്ക് വിമാനത്തിൽ കരിങ്കൊടി; യൂത്ത് കോൺഗ്രസ് നേതാവിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

January 7, 2023 - 1:06 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനകത്ത് കരിങ്കൊടി കാണിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവിനെ വീണ്ടും പൊലീസ് വിളിപ്പിച്ചു. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻഎസ് നുസൂറിനോടാണ് തിരുവനന്തപുരം ശംഖുമുഖം എസിപിയുടെ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. 2023 ജനുവരി 12 ന് ഹാജരാകാനാണ് നിർദ്ദേശം നൽകിയത്.

2022 ജൂൺ 13 ന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി വീശിയത്. സംഭവത്തെ തുടർന്ന് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് എൻ എസ് നുസൂറിനെയും എസ്എം ബാലുവിനെയും യൂത്ത് കോൺഗ്രസ് സസ്പെന്റ് ചെയ്തിരുന്നു. പൊലീസ് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്ന ദിവസം കൊച്ചിയിൽ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നുണ്ട്. ഈ യോഗത്തിൽ നുസൂറിനും ബാലുവിനും എതിരായ നടപടി പിൻവലിക്കാൻ സാധ്യതയുണ്ട്.

കരിങ്കൊടി കാണിച്ച സംഭവത്തിൽ നുസൂറും ബാലുവും നേരത്തെ അറസ്റ്റിലായിരുന്നു. പിന്നീട് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന കമ്മിറ്റിയുടെ ചാറ്റ് പുറത്താവുകയും കേസിൽ മുൻ എംഎൽഎ കെഎസ് ശബരിനാഥൻ പ്രതിയാവുകയും ചെയ്തു. ഇദ്ദേഹത്തെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷമായിരുന്നു നുസൂറിനും ബാലുവിനും എതിരെ സംസ്ഥാന കമ്മിറ്റി സസ്പെൻഷൻ നടപടിയെടുത്തത്.

കെപിസിസി പ്രസിഡന്റ് സുധാകരൻ അടക്കം ആവശ്യപ്പെട്ടിട്ടും ഇവർക്കെതിരായ നടപടി യൂത്ത് കോൺഗ്രസ് പിൻവലിച്ചിട്ടില്ല. അതിനിടെ സംഘടനയുടെ ദേശീയ നേതൃത്വം 2022 ഡിസംബർ മാസം നുസൂറിനും ബാലുവിനുമെതിരായ നടപടി പിൻവലിക്കുകയും ചെയ്തു. നുസൂറിനോട് ഇടഞ്ഞ് നിൽക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം അടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തിൽ നടപടി പിൻവലിച്ച് ഇരുവരെയും സംഘടനയിലേക്ക് തിരികെയെടുക്കുമെന്നാണ് വിവരം. 

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *