മല്ലപ്പള്ളി (പത്തനംതിട്ട): നേപ്പാള്‍ വിമാനാപകടത്തില്‍ മരിച്ചവരില്‍ മല്ലപ്പള്ളിയില്‍ നിന്നു യാത്രയായ നേപ്പാള്‍ സ്വദേശികളും. മല്ലപ്പള്ളി ആനിക്കാട്ടിലെ ഒരു വീട്ടിലെത്തി മടങ്ങിയ അഞ്ചംഗ സംഘത്തിലെ മൂന്നുപേരാണ് മരിച്ചവരുടെ കൂട്ടത്തിലുള്ളത്. രാജു ടക്കൂരി, റാബില്‍ ഹമല്‍, അനില്‍ ഷാഫി എന്നിവരാണവര്‍. 45 വര്‍ഷത്തോളം നേപ്പാളില്‍ സുവിശേഷ പ്രവര്‍ത്തകനായിരുന്ന ആനിക്കാട് നൂറോമ്മാവ് മുറ്റത്തുമാവ് തൊമ്മിക്കാട്ടില്‍ മാത്യു ഫിലിപ്പിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് എത്തി മടങ്ങിയ സംഘത്തിലെ അംഗങ്ങളായിരുന്നു ഇവര്‍. അഞ്ചംഗ സംഘം വെള്ളിയാഴ്ചയാണ് ആനിക്കാട്ടെ വീട്ടിലെത്തിയത്. ചടങ്ങുകള്‍ക്കുശേഷമുള്ള മടക്കയാത്രയിലാണ് അപകടം. മാത്യുവുമായുള്ള സുഹൃദ് ബന്ധത്തിലാണ് അഞ്ചുപേരും ആനിക്കാട്ടെ വീട്ടിലെത്തിയത്. ശനിയാഴ്ച അഞ്ചുപേരും ഒന്നിച്ചാണ് നേപ്പാളിലേക്കു മടങ്ങിയത്. എന്നാല്‍ അപകടത്തിനു തൊട്ടുമുമ്പ് സംഘത്തിലെ ദീപക്ക് താമാങ്, സരണ്‍ എന്നിവര്‍ കാഠ്മണ്ഡു വിമാനത്താവളത്തില്‍ ഇറങ്ങിയതിനാല്‍ അപകടത്തില്‍ നിന്നു രക്ഷപെട്ടു.
