റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഞ്ചുലക്ഷം ആവശ്യപ്പെട്ട് റാഞ്ചിയ യുവാവിനെ പോലീസ് മോചിപ്പിച്ചു

January 28, 2023 - 9:27 pm

കൊച്ചി/പത്തനംതിട്ട: യുവാവിനെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ അഞ്ചുപേര്‍ പിടിയില്‍. പത്തനംതിട്ട മണക്കാല ചെരുവിള പുത്തന്‍വീട്ടില്‍ വിഷ്ണുജയന്‍ (27), കൊല്ലം എഴിപ്രം ആസിഫ് മന്‍സിലില്‍ അക്ബര്‍ ഷാ (26), കൊല്ലം മുളവന ലോപ്പേറഡെയില്‍ വീട്ടില്‍ പ്രതീഷ് (37), പനമ്പിള്ളിനഗര്‍ പെരുമ്പിള്ളിത്തറ സുബീഷ് (39), തേവര പെരുമാനൂര്‍ കുരുശുപറമ്പില്‍ ലിജോ (35) എന്നിവരാണ് എറണാകുളം ഇന്‍ഫോ പാര്‍ക്ക് പോലീസിന്റെയും അടൂര്‍ പോലീസിന്റെയും സംയുക്തനീക്കത്തില്‍ പിടിയിലായത്.
കാക്കനാട് ഇന്‍ഫോ പാര്‍ക്ക് ഭാഗത്ത് കാര്‍ തടഞ്ഞുനിര്‍ത്തി, ചങ്ങനാശേരി സ്വദേശി ലിബിന്‍ വര്‍ഗീസിനെയാണു പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന ഭാര്യയെ ഭീഷണിപ്പെടുത്തി കാറില്‍നിന്ന് ഇറക്കിവിട്ടു. യാത്രയ്ക്കിടയിലും പത്തനംതിട്ട അടൂരിലെ റസ്റ്റ് ഹൗസിലെത്തിച്ചശേഷവും ലിബിനെ ക്രൂരമായി മര്‍ദിച്ചു. തുടര്‍ന്ന്, സഹോദരനെയും പിതാവിനെയും ഫോണില്‍ വിളിച്ച് അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു.

ലിബിന്റെ ഭാര്യയുടെ പരാതിയില്‍ കേസെടുത്ത ഇന്‍ഫോ പാര്‍ക്ക് പോലീസ് മൂന്നുപ്രതികളെ അടൂരില്‍നിന്നും രണ്ടുപേരെ എറണാകുളത്തുനിന്നുമാണു പിടികൂടിയത്. മര്‍ദനത്തില്‍ ഗുരുതരപരുക്കേറ്റ ലിബിന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ലിബിനുമായി പ്രതികള്‍ക്കുള്ള വാഹനം-പണമിടപാടുകളാണു തട്ടിക്കൊണ്ടുപോകലിനു കാരണമെന്നു പോലീസ് പറയുന്നു. പ്രതികളില്‍നിന്നു വാടകയ്‌ക്കെടുത്ത കാര്‍ മറിച്ചുവിറ്റതാണു തര്‍ക്കത്തിനു കാരണമെന്നാണു സൂചന. സുബീഷും പ്രതീഷും കൊലപാതകക്കേസുകളിലടക്കം പ്രതികളാണ്. അടൂര്‍ റസ്റ്റ് ഹൗസ് പരിസരത്തു ലിബിന്റെ കാര്‍ കണ്ടെത്തിയതാണു പ്രതികളെ കീഴടക്കാന്‍ സഹായകമായത്. അടൂര്‍ സ്വദേശികളായ അശ്വിന്‍ പിള്ള, ഗോകുല്‍ എന്നിവരും സംഘത്തിലുണ്ടെന്നു ചോദ്യംചെയ്യലില്‍ പ്രതികള്‍ വെളിപ്പെടുത്തി. ഇവര്‍ ഒളിവിലാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *