കോട്ടയം: കോമ്പൗണ്ട് റബറിന്റെ (സിന്തറ്റിക് റബര്‍) ഇറക്കുമതിച്ചുങ്കം കേന്ദ്രബജറ്റില്‍ 25 ശതമാനമായി ഉയര്‍ത്തിയത് ആഭ്യന്തരവിപണിയില്‍ റബര്‍വില ഉയരാന്‍ കാരണമായേക്കും. ചുങ്കം വര്‍ധിപ്പിച്ചതിലൂടെ കോമ്പൗണ്ട് റബര്‍ ഇറക്കുമതി ടയര്‍ വ്യവസായികള്‍ക്കു ലാഭകരമല്ലാതാകും. ഇതോടെ, ആഭ്യന്തരവിപണിയെ ആശ്രയിക്കേണ്ടിവരുന്നത് സ്വാഭാവിക റബറിന്റെ വില ഉയരാന്‍ കാരണമാകമെന്നാണു കര്‍ഷകരുടെ പ്രതീക്ഷ.
റബറിന് വില ഉയര്‍ന്നുനിന്നിരുന്ന 2013-14 കാലയളവില്‍ കോമ്പൗണ്ട് റബര്‍ ഇറക്കുമതി 26,665 ടണ്‍ ആയിരുന്നു. 2021-22ല്‍ 1,14,636 ടണ്‍. കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതല്‍ ഇന്നലെവരെയുള്ള കാലയളവില്‍ 1,15,000 ടണ്‍ റബറാണു നിലവിലെ 10% ചുങ്കപ്രകാരം ഇറക്കുമതി ചെയ്തത്. ഇതോടെയാണു സ്വാഭാവിക റബറിന്റെ വില കുത്തനെ ഇടിഞ്ഞത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി റബര്‍ ബോര്‍ഡ് വാണിജ്യമന്ത്രാലയത്തിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇറക്കുമതി ചെയ്ത സിന്തറ്റിക് റബര്‍ ടയര്‍ ലോബികളുടെ പക്കല്‍ കരുതല്‍ശേഖരമുള്ളതിനാല്‍ ആഭ്യന്തരവിപണിയില്‍ വളരെ വേഗം വിലവ്യത്യാസമുണ്ടാകാന്‍ സാധ്യത കുറവാണെന്നു വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.
സ്വാഭാവിക റബറിന്റെ ഇറക്കുമതിച്ചുങ്കം 25 ശതമാനമായിരിക്കേ കോമ്പൗണ്ട് റബറിന്റെ ചുങ്കം 10 ശതമാനമാക്കി നിലനിര്‍ത്തിവരുകയായിരുന്നു. ഇത് വര്‍ധിപ്പിക്കണമെന്നതു കര്‍ഷകരുടെ കാലങ്ങളായുള്ള ആവശ്യമാണ്.
എന്നാല്‍, കേന്ദ്രവും റബറിനു വിലസ്ഥിരതാ ഫണ്ട് ഏര്‍പ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കാത്തതില്‍ കര്‍ഷകര്‍ നിരാശരാണ്. നാളെ അവതരിപ്പിക്കുന്ന സംസ്ഥാനബജറ്റില്‍ റബറിന്റെ വിലസ്ഥിരതാ ഫണ്ട് 180 രൂപയായി ഉയര്‍ത്തുമെന്നും സൂചനയുണ്ട്.
