ന്യൂഡല്‍ഹി: വിദ്യാഭ്യാസത്തിനും തൊഴില്‍ പരിശീലനത്തിനും നവീന പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍.
- ലോകോത്തരനിലവാരമുള്ള പുസ്തകങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനായി കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമായി നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കും. പഞ്ചായത്ത്, വാര്‍ഡ് തലങ്ങളില്‍ കുട്ടികള്‍ക്കായി ലൈബ്രറികള്‍ സ്ഥാപിക്കുന്നതിനും ദേശീയ ഡിജിറ്റല്‍ ലൈബ്രറിയുടെ സേവനം പ്രയോജനപ്പെടുത്താന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കും. നാഷണല്‍ ചൈല്‍ഡ് ട്രസ്റ്റിന്റെയും ചില്‍ഡ്രണ്‍സ് ബുക്ക് ട്രസ്റ്റിന്റെയും അടക്കമുള്ള അക്കാദമികേതര പുസ്തകങ്ങള്‍ എന്‍.ജി.ഒകളുടെ സഹകരണത്തോടെ പ്രാദേശിക ഭാഷയില്‍ ലഭ്യമാക്കും
- സ്‌കില്‍ ഡിജിറ്റല്‍ ഇന്ത്യ പ്ലാറ്റ്‌ഫോം: യുവാക്കള്‍ക്ക് തൊഴില്‍പരിശീലനം നല്‍കാനും നൈപുണ്യവികസനത്തിനുമായി അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ വിവിധ സംസ്ഥാനങ്ങളില്‍ 30 സ്‌കില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററുകള്‍ സ്ഥാപിക്കും. യുവാക്കളുടെ നൈപുണ്യവികസനത്തിനായി പി.എം. കൗശല്‍ വികാസ് യോജന 4.0.യും ബജറ്റില്‍ പ്രഖ്യാപിച്ചു.
- സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് സ്‌കീമിനായി സര്‍ക്കാര്‍ 283.5 കോടി രൂപ അനുവദിച്ചു.
- സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള നികുതി ഇളവ് 2024 മാര്‍ച്ച് വരെ നീട്ടി.
- തൊഴില്‍ വളര്‍ച്ചം പ്രോത്സാഹിപ്പിക്കാനായി നവീകരിച്ച ക്രെഡിറ്റ് ഗ്യാരന്റി സ്‌കീമിനായി എംഎസ്എംഇകള്‍ക്ക് 9000 കോടി രൂപ അനുവദിക്കും.
- 5ജി സര്‍വീസ് ആപ്പ് ഡെവലപ്‌മെന്റിനായി 100 5ജി ലാബുകള്‍ സ്ഥാപിക്കും.
- അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 47 ലക്ഷം യുവതീ യുവാക്കള്‍ക്ക് സ്റ്റൈപ്പന്‍ഡ് നല്‍കുന്ന നാഷണല്‍ അപ്രന്റീഷിപ്പ് പ്രമോഷന്‍ സ്‌കീം നടപ്പാക്കും. യുവാക്കള്‍ക്ക് സ്റ്റൈപ്പന്‍ഡ് തുക നേരിട്ട് അക്കൗണ്ടില്‍ ലഭ്യമാക്കുന്നതാണ് പദ്ധതി.
- രാജ്യത്ത് പുതുതായി 157 നഴ്‌സിങ് കോളജുകള്‍ സ്ഥാപിക്കും. 2014 മുതല്‍ പ്രവര്‍ത്തനമാരംഭിച്ച 157 മെഡിക്കല്‍ കോളജുകളോട് അനുബന്ധിച്ചായിരിക്കും നഴ്‌സിങ് കോളജുകള്‍ ആരംഭിക്കുക.
- ആദിവാസി മേഖലയില്‍ 748 ഏകലവ്യ മോഡല്‍ സ്‌കൂളുകള്‍ തുടങ്ങും. അടുത്ത മൂന്ന് വര്‍ഷത്തിനിടെ ഇതിനായി 38,800 അധ്യാപകരെ കേന്ദ്രം നിയമിക്കും.
