കോഴിക്കോട്: പഴയകാല പുസ്തകങ്ങളും മാസികകളും ഡിജിറ്റൽ രൂപത്തിലാക്കുന്ന കാലിക്കറ്റ് സർവകലാശാലാ ചരിത്ര വിഭാഗത്തിന്റെ പദ്ധതിയിലേക്ക് തിയോസഫിക്കൽ സൊസൈറ്റിയുടെ പഴയകാല മാസികകളും ഗ്രന്ഥങ്ങളും ലഭിച്ചു. 1883-ൽ തിരുവനന്തപുരത്ത് സ്ഥാപിതമായ തിയോസഫിക്കൽ സൊസൈറ്റി അഥവാ ബ്രഹ്‌മവിദ്യാ സംഘത്തിന്റെ പുസ്തകശേഖരമാണ് സർവകലാശാലക്ക് കൈമാറിയത്. അമേരിക്കക്കാരനായ ഹെന്റി സ്റ്റീൽ ഒൾക്കോട്ട് നേരിട്ടെത്തി സ്ഥാപിച്ചതാണ് തിരുവനന്തപുരത്തെ ബ്രഹ്‌മവിദ്യാസംഘം.
ആനി ബസന്റ്, മഹാകവി കുമാരനാശാൻ, ഉള്ളൂർ എസ്. പരമേശ്വരയ്യർ, മഞ്ചേരി രാമയ്യർ തുടങ്ങിയവർ തിയോസഫി പ്രസ്ഥാനത്തിലെ അംഗങ്ങളായിരുന്നു. നിരവധി തിയോസഫി ഗ്രന്ഥങ്ങളും, മാസികകളും, പ്രചാരണ ലഘുലേഖകളും സർവകലാശാലാ ചരിത്ര വിഭാഗത്തിന് ലഭിച്ചു. ഇവയുടെ ഡിജിറ്റൽ പകർപ്പ് തിയോസഫി ശാഖക്ക് നൽകുന്നതിനോടൊപ്പം ഓാൺലൈനായി ഗവേഷകർക്ക് സൗജന്യമായി ലഭ്യമാക്കും.
തിരുവനന്തപുരം അനന്ത തിയോസഫിക്കൽ സൊസൈറ്റി ഹാളിൽ നടന്ന ചടങ്ങിൽ കാലിക്കറ്റ് സർവകലാശാലാ ചരിത്ര വിഭാഗം പ്രൊഫസർ ഡോ. പി. ശിവദാസൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഡോ. എൻ.കെ. അജിത് കുമാർ അദ്ധ്യക്ഷനായി. ബ്രഹ്‌മവിദ്യാ സംഘം പ്രവർത്തകരായ എസ്. ശിവദാസ്, ബി. ഹരിഹരൻ, എം. സനൽകുമാർ, ആർ. ശശിധരൻ നായർ എന്നിവർ സംസാരിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ അധ്യാപകരും ഗവേഷകരും പങ്കെടുത്തു..
.
