റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിശ്വനാഥന്റെ ഷര്‍ട്ട് കണ്ടെത്തി, പോക്കറ്റിൽ ഉണ്ടായിരുന്നത് ചില്ലറ പൈസയും ഒരു കെട്ട് ബീഡിയും

February 17, 2023 - 2:35 pm

കോഴിക്കോട് ‌: കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ ഷർട്ട് കണ്ടെത്തി. തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പറമ്പിൽ നിന്നാണ് ഷർട്ട് കിട്ടിയത്. പോക്കറ്റിൽ ആകെ ഉണ്ടായിരുന്നത് കുറച്ച് ചില്ലറ പൈസയും ഒരു കെട്ട് ബീഡിയും മാത്രമായിരുന്നു. ഷർട്ട് ഇല്ലാത്തതിനാൽ, കൊന്നു കെട്ടിത്തൂക്കി എന്ന പരാതി ബന്ധുക്കൾ ആദ്യഘട്ടത്തിൽ ഉന്നയിച്ചിരുന്നു. 

അതേസമയം ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിൽ റീ പോസ്റ്റുമോര്‍ട്ടം എന്ന ആവശ്യത്തിൽ നിന്ന് കുടുംബം പിന്മാറിയതായി പൊലീസ് കഴിഞ്ഞ ദിവസം(16/02/23) വ്യക്തമാക്കി. വയനാട്ടിലെത്തിയ പ്രത്യേക അന്വേഷണ സംഘം അമ്മയുടെയും സഹോദരന്റെയും മൊഴിയെടുത്തു. ആശുപത്രി പരിസരത്ത്  വെച്ച് വിശ്വനാഥനെ ചോദ്യം ചെയ്തവരെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന തുടങ്ങിയതായി എസിപി കെ സുദർശൻ പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്താണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുടെ പ്രസവത്തിനായി എത്തിയതായിരുന്നു വിശ്വനാഥന്‍.

മാതൃശിശു സംരക്ഷണകേന്ദ്രത്തിന് പുറത്ത് കൂട്ടിരിപ്പുകാരനായി നിന്ന വിശ്വനാഥനെ ചിലർ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിരുന്നു. ഇതിൽ രണ്ടു പേരെ തിരി‍ച്ചറിഞ്ഞെന്നാണ് സൂചന. എന്നാൽ കൂടുതൽ വിശദാംശങ്ങൾ അന്വേഷണസംഘം പുറത്തുവിട്ടില്ല. സിസിടിവി ദൃശ്യങ്ങളിൽ കണ്ട ആളുകൾ ഏതെങ്കിലും തരത്തിൽ വിശ്വനാഥനെ പീഡിപ്പിച്ചിട്ടുണ്ടോയെന്നാണ് ഇനി അറിയേണ്ടത്. അന്വേഷണത്തിൽ ഉടൻ വഴിത്തിരിവ് ഉണ്ടാകുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *