60 അംഗ നാഗാലാന്‍ഡ് നിയമസഭയില്‍ എന്‍.ഡി.പി.പി-ബി.ജെ.പി സഖ്യം 38 സീറ്റ് നേടി. സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായി നാഗാലാന്‍ഡ് നിയമസഭയില്‍ വനിതാപ്രാതിനിധ്യവുമുണ്ടായി. പശ്ചിമ അംഗാമി എസി മണ്ഡലത്തില്‍നിന്നു ജയിച്ച സാല്‍ഹൗട്ടോനുവോ ക്രൂസ്, ദിമാപുര്‍-3 മണ്ഡലത്തില്‍നിന്നു ജയിച്ച ഹെകാനി ജഖാലു എന്നിവരാണു ചരിത്രം കുറിച്ചത്. ഭരണസഖ്യത്തില്‍ ഇക്കുറിയും 40 സീറ്റില്‍ എന്‍.ഡി.പി.പി(നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി)യും 20 സീറ്റില്‍ ബി.ജെ.പിയുമാണു മത്സരിച്ചത്. എന്‍.ഡി.പി.പി-25, ബി.ജെ.പി-12 സീറ്റുകള്‍ നേടി ഭരണമുറപ്പിച്ചു. എന്‍.ഡി.പി.പി. നേതാവും മുഖ്യമന്ത്രിയുമായ നെയ്ഫു റിയോ ഉത്തര അംഗാമി-2 മണ്ഡലത്തില്‍ ജയിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (അത്താവാല) രണ്ടിടത്തും എല്‍.ജെ.പി.(രാം വിലാസ്) ഒരിടത്തും ജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 60 സീറ്റും ബി.ജെ.പി-എന്‍.ഡി.പി.പി. സഖ്യം നേടിയതിനാല്‍ നിയമസഭയില്‍ പ്രതിപക്ഷമില്ലായിരുന്നു.
