റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗാംബിയയിലെ കുട്ടികളുടെ മരണം: ഇന്ത്യന്‍ നിര്‍മിത സിറപ്പുമായി ബന്ധമെന്ന് അന്വേഷണ റിപ്പോര്‍ട്ട്

March 5, 2023 - 12:33 pm

ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍ വൃക്കരോഗം ബാധിച്ച് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഇന്ത്യന്‍ മരുന്നു കമ്പനി സംശയനിഴലില്‍. മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് എന്ന മരുന്നു കമ്പനി പുറത്തിറക്കിയ ചുമ സിറപ്പും കുട്ടികളുടെ മരണവുമായി ശക്തമായ ബന്ധമുണ്ടെന്ന് യു.എസിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനും(സി.ഡി.സി) ഗാംബിയന്‍ ആരോഗ്യ വകുപ്പും നടത്തിയ സംയുക്താന്വേഷണത്തില്‍ കണ്ടെത്തി.

ഇന്ത്യ ആസ്ഥാനമായുള്ള മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മിച്ച് ഗാംബിയയില്‍ വിതരണം ചെയ്യുന്ന നാല് ചുമ സിറപ്പുകള്‍ ഗുണനിലവാരമില്ലാത്തതാണെന്നും ഗാംബിയയിലെ നിരവധി കുട്ടികളുടെ മരണവുമായി അവയ്ക്കു ബന്ധമുണ്ടെന്നും ലോകാരോഗ്യ സംഘടന കഴിഞ്ഞ ഒക്‌ടോബറില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഗാംബിയയിലേക്ക് ഇറക്കുമതി ചെയ്ത മരുന്നുകളില്‍ ഡൈഎത്തിലീന്‍ ഡൈക്കോള്‍(ഡിഇജി) അല്ലെങ്കില്‍ എഥിലീന്‍ ഗ്ലൈക്കോള്‍ (ഇ.ജി) എന്നിവ കലര്‍ന്നിരുന്നതായും ഇത് കുട്ടികളില്‍ വൃക്ക വീക്കത്തിന് കാരണമായതായും സി.ഡി.സി. റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അപകടകരമായ അളവില്‍ ഇവ ഉള്ളില്‍ച്ചെന്നവര്‍ക്ക് നിരവധിരോഗലക്ഷണങ്ങള്‍ ഉണ്ടാകാറുണ്ട്. തലവേദന, ദഹനനാളത്തില്‍ അസ്വസ്ഥതകള്‍, മൂത്രത്തിന്റെ അളവ് കുറയുക, മൂത്രം പോകാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങളാണ് പ്രകടമാവുകയെന്നും റിപ്പോര്‍ട്ടിലുണ്ട്. വൃക്കരോഗം ബാധിച്ച് മരിച്ച കുട്ടികളുടെ മെഡിക്കല്‍ രേഖകളും ചികിത്സിച്ച ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ഉള്‍പ്പെടെ മൊഴികളും ശേഖരിച്ചശേഷമാണ് സി.ഡി.സി. റിപ്പോര്‍ട്ട് തയാറാക്കിയത്.

ഒന്നിലേറെ കുട്ടികളുടെ മരണം റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് അന്വേഷണത്തിനു സഹായം തേടി ഗാംബിയ ആരോഗ്യ മന്ത്രാലയം സി.ഡി.സിയെ സമീപിച്ചത്. അതേസമയം, ഇന്ത്യയില്‍നിന്നു കയറ്റുമതി ചെയ്യുന്ന ചുമ സിറപ്പുകള്‍ നിലവാരമുള്ളതാണെന്നു പരിശോധനയില്‍ തെളിഞ്ഞതായി കഴിഞ്ഞ മാസം കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ ലോക്‌സഭയില്‍ അറിയിച്ചിരുന്നു. മരുന്നുകളുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ ഡൈഎത്തിലീന്‍ ഗ്ലൈക്കോളും എഥിലീന്‍ ഗ്ലൈക്കോളും കണ്ടെത്താനായില്ലെന്നും ചോദ്യത്തിനു രേഖാമൂലം മന്ത്രി മറുപടി നല്‍കുകയും ചെയ്തിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *