തിരുവല്ല : സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് നല്‍കിയ സ്വീകരണത്തില്‍ ഹിന്ദുമതാചാരത്തിന്റെ ഭാഗമായ “ജീവിത” വികലമായി ചിത്രീകരിച്ചതിനെതിരെ പോലീസില്‍ പരാതി. തിരുവല്ലാ ബാറിലെ അഭിഭാഷകനും ഒബിസി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അഡ്വ. എ.വി അരുണ്‍പ്രകാശ് ആണ് ഡിജിപി, ആലപ്പുഴ എസ്‌പി, ചെങ്ങന്നൂര്‍ എസ്.എച്ച്.ഒ എന്നിവര്‍ക്ക് പരാതി നല്‍കിയത്. 2023 മാര്‍ച്ച് 13 തിങ്കളാഴ്‌ച വൈകിട്ട് നാലിന് ചെങ്ങന്നൂര്‍ ബിസിനസ് ഇന്ത്യാ ഗ്രൗണ്ടില്‍ നടന്ന എംവി ഗോവിന്ദന്റെ ജനകീയ പ്രതിരോധ ജാഥ സ്വീകരണ ചടങ്ങിനിടെയാണ് ജീവിതയെ അവഹേളിച്ചത്.
ഹിന്ദു മതവിശ്വാസികളുടെ മതവികാരം പ്രണപ്പെടുത്തിയെന്നാരോപിച്ച് നല്‍കിയ പരാതിയില്‍ ജാഥയുടെ ചെങ്ങന്നൂര്‍ നിയോജകമണ്ഡലം സംഘാടക സമിതി ചെയർമാന്‍, ജനറല്‍ കണ്‍വീനര്‍, കൃത്രിമ ജീവിതതോളിലേറ്റി തുളളിയ കണ്ടാലറിയാവുന്ന രണ്ടുപേര്‍ എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് പരാതി. ക്ഷേത്രവിശ്വാസികളുടെ ആചാരമായ ജീവിത അതേ രീതിയില്‍ ഉണ്ടാക്കി അതില്‍ സിപിഎമ്മിന്റെ ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രം പതിപ്പിച്ചതിന് ശേഷം രണ്ടുപേര്‍ ചേര്‍ന്ന് തോളിലെടുത്ത് ക്ഷേത്രങ്ങളില്‍ ജീവിത എഴുന്നെളളിക്കുമ്പോഴുളള അതേ ചെണ്ടവാദ്യങ്ങള്‍ ഉപയോഗിച്ച് തുളളുകയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്‌ത് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് കണ്ട് ലക്ഷക്കണക്കിന് ഹിന്ദുമത വിശ്വസികള്‍ക്ക് മനോവേദനയും വിഷമവും ഉണ്ടായിട്ടുണ്ട്. ദേവീ ഭക്കനായ തന്റെ മതവികാരം വ്രണപ്പെട്ടുവെന്നും അരുണ്‍ പരാതിയില്‍ പറയുന്നു. സിപിഎം മുമ്പ് ഇതേരീതിയില്‍ ശ്രീനാരായണ ഗുരുദേവനെ അവഹേളിക്കുന്ന തരത്തിലുളള നിശ്ചല ദൃശ്യങ്ങള്‍ പ്രചരിച്ചിട്ടുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. തന്റെ പരാതി പോലീസ് പരിഗണിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമന്ന് അരുണ്‍ പ്രകാശ് പറഞ്ഞു.
