റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അരിക്കൊമ്പന്‍: കേരളത്തിന്റെ ഹരജി സുപ്രീം കോടതി തള്ളി

April 17, 2023 - 3:10 pm

ന്യൂഡല്‍ഹി: ഇടുക്കിയിലെ ജനവാസ കേന്ദ്രങ്ങളില്‍ നിരന്തരം ഭീഷണി സൃഷ്ടിക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടുന്ന വിഷയത്തില്‍ ഹൈക്കോടതി വിധിക്കെതിരെ കേരളം സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി നിലപാടെടുത്തു. അരിക്കൊമ്പനെ പിടികൂടി പാലക്കാട് പറമ്പിക്കുളത്തെ വനത്തില്‍ എത്തിക്കണമെന്നാണ് വിദഗ്ധ സമിതിയുടെ ശിപാര്‍ശ. ഇത് ഹൈക്കോടതി അംഗീകരിച്ചിരുന്നു. അരിക്കൊമ്പനെ പിടികൂടാനുള്ള വനം വകുപ്പിന്റെ പ്രത്യേക ദൌത്യ സംഘം കുങ്കിയാനകള്‍ സഹിതം ഇടുക്കിയില്‍ ദിവസങ്ങളായി തമ്പടിക്കുകയാണ്. അരിക്കൊമ്പനുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ എല്ലാ ഉത്തരവുകളും സ്റ്റേ ചെയ്യണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി ഇടപെടല്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയെന്ന് കേരളം സമര്‍പ്പിച്ച അപ്പീലില്‍ പറഞ്ഞിരുന്നു. ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തില്‍ നടപടിയെടുക്കാന്‍ അധികാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണെന്നും അപ്പീലിലുണ്ടായിരുന്നു. 1971 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 11 (1) വകുപ്പ് പ്രകാരം ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തില്‍ നടപടിയെടുക്കാന്‍ അധികാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ്.

നിയമപരമായ ഈ അധികാരത്തിന്റെ അടിസ്ഥാനത്തിലാണ് അരിക്കൊമ്പനെ മയക്ക് വെടിവെച്ച് പിടിച്ച് കോടനാട് ആനക്കൂട്ടിലേക്ക് മാറ്റാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടത്. ഈ തീരുമാനത്തില്‍ ഹൈക്കോടതി ഇടപെട്ടത് തെറ്റാണ്. ഇടുക്കി ചിന്നക്കനാലില്‍ അരിക്കൊമ്പന്‍ നടത്തിയ അക്രമങ്ങളും സര്‍ക്കാര്‍ വിശദീകരിച്ചിട്ടുണ്ട്. ഏഴുപേരെയാണ് ഇതുവരെ അരിക്കൊമ്പന്‍ കൊലപ്പെടുത്തിയത്. 2017-ല്‍ മാത്രം 52 വീടുകളും കടകളും തകര്‍ത്തു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്ന് റേഷന്‍ കടകളും 22 വീടുകളും ആറ് കടകളും തകര്‍ത്തുവെന്നും അപ്പീലില്‍ പറയുന്നു.
ഈ വിഷയത്തില്‍ സുപ്രീംകോടതിയില്‍ മൃഗസ്‌നേഹികളുടെ സംഘടന തടസ്സഹരജി സമര്‍പ്പിച്ചിരുന്നു. വാക്കിംഗ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കസി’ എന്ന മൃഗസ്‌നേഹികളുടെ സംഘടനയാണ് ഹരജി ഫയല്‍ ചെയ്തത്. അഭിഭാഷകന്‍ ജോണ്‍ മാത്യു ആണ് തടസ ഹര്‍ജി ഫയല്‍ ചെയ്തത്. അരിക്കൊമ്പനെ എത്തിക്കുന്നതിനെതിരെ പറമ്പിക്കുളത്ത് പ്രതിഷേധം നടക്കുന്നുണ്ട്. കൊമ്പനെ പിടികൂടി ആനപ്പന്തിയിലെത്തിക്കുകയെന്ന നിലപാടാണ് സര്‍ക്കാറിനുള്ളത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *