റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആതിഖ് അഹ്മദും സഹോദരനും വെടിയേറ്റ്കൊല്ലപ്പെട്ട സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

April 17, 2023 - 11:56 am

ലക്നൗ: ഗുണ്ടാത്തലവനും സമാജ്‌വാദി പാർട്ടി എംപിയുമായിരുന്ന ആതിഖ് അഹ്മദും സഹോദരനും വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം മൂന്നംഗ ജുഡീഷ്യൽ കമ്മിഷൻ അന്വേഷിക്കും. അലഹാബാദ് ഹൈക്കോടതിയിൽനിന്നു വിരമിച്ച ജസ്റ്റിസ് അരവിന്ദ് കുമാർ ത്രിപാഠിയാണ് ജുഡീഷ്യൽ കമ്മിഷൻ അധ്യക്ഷൻ. ജില്ലാ ജഡ്ജിയായി വിരമിച്ച ബ്രിജേഷ് കുമാർ സോനി, ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന സുബേഷ് കുമാർ സിങ് എന്നിവരാണ് മറ്റ് അംഗങ്ങൾ. കമ്മിഷൻ രണ്ടു മാസത്തിനകം റിപ്പോർട്ട് നൽകും. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണു ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്.

ആതിഖ് അഹ്മദിന്റെ സുരക്ഷയിൽ വീഴ്ചവരുത്തിയതിനു 17 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഉത്തർപ്രദേശിൽ അതീവജാഗ്രത തുടരുകയാണ്. സ്ഥാനവ്യാപക നിരോധനാജ്ഞയ്ക്കു പുറമേ പ്രയാഗ്‌രാജിൽ ഇന്റർനെറ്റ് വിലക്കും ഏർപ്പെടുത്തി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കു സുരക്ഷ വർധിപ്പിച്ചു. ആവശ്യമെങ്കിൽ കൂടുതൽ കേന്ദ്രസേനയെ അയയ്ക്കാമെന്നു കേന്ദ്രം സംസ്ഥാനത്തിന് ഉറപ്പുനൽകി. ചക്കിയയിലും രാജ്‌രൂപ്‌‌പുരിലും കല്ലേറുണ്ടായതായി റിപ്പോർട്ടുണ്ട്. കൊലയാളി സംഘത്തിലെ ലവ്‌ലേഷ് തിവാരി, സണ്ണി സിങ്, അരുൺ മൗര്യ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പ്രയാഗ്‌രാജ് കോടതി 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ഗുണ്ടാസംഘങ്ങൾക്കിടയിൽ പ്രശസ്തി നേടാനാണ് കൃത്യം ചെയ്തതെന്നാണ് പ്രതികളുടെ മൊഴി. ആതിഖ് പൊലീസ് കസ്റ്റഡിയിലായപ്പോൾ മുതൽ കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്നും പ്രതികൾ വെളിപ്പെടുത്തി. മാധ്യമ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുരക്ഷാ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കും. പ്രതികൾ മാധ്യമപ്രവർത്തകരെന്ന വ്യാജേന കടന്നുകയറി കൊലപാതകം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ആതിഖിന്റെയും അഷ്റഫിന്റെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി.

ആതിഖ് അഹ്മദിന്റെ കൊലപാതകത്തിൽ യോഗി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ പാർട്ടി നേതാക്കൾ രംഗത്തെത്തി. അരാജകത്വവും ക്രമസമാധാന തകർച്ചയുമാണ് സംഭവം കാണിക്കുന്നതെന്ന് വിവിധ നേതാക്കൾ പ്രതികരിച്ചു. സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ ഉച്ചസ്ഥായിയിലെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് കുറ്റപ്പടുത്തി. സമൂഹത്തിൽ അശാന്തി സൃഷ്ടിക്കുന്നത് മനഃപൂർവമെന്നും അഖിലേഷ് പറഞ്ഞു. ഏറ്റുമുട്ടൽ സംസ്ഥാനമായി യുപി മാറിയോ എന്നും സുപ്രീംകോടതി സ്വമേധയ കേസെടുത്ത് അന്വേഷിക്കണമെന്നും ബിഎസ്പി അധ്യക്ഷ മായാവതി പറഞ്ഞു.

കുറ്റവാളികളുടെ ശിക്ഷ എന്തെന്ന് തീരുമാനിക്കേണ്ടത് കോടതിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാജ്യത്ത് നിയമവും ഭരണഘടനയുമുണ്ട്. അതാണ് പ്രധാനമെന്ന് പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു. രക്തം മരവിപ്പിക്കുന്ന അരുംകൊലയെന്നാണ് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി പറഞ്ഞത്. കാട്ടുനീതിയാണ് നടപ്പിലായതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. ഉത്തർപ്രദേശിൽ സമ്പൂർണ അരാജകത്വമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. പ്രകൃതിയുടെ തീരുമാനമാണ് ആതിഖിന്റെ കൊലപാതകമെന്ന വിചിത്രവാദവുമായി ഉത്തർപ്രദേശ് മന്ത്രി സുരേഷ് കുമാർ ഖന്ന രംഗത്തുവന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *