ഇരിക്കൂർ : ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വ്യാപാരിയുടെ കണ്ണിൽ മുളകു പൊടി വിതറി മൂന്നംഗ സംഘം അക്രമിച്ചു. ഇരിക്കൂറിലെ വ്യാപാരിയായ മാങ്ങാടൻ അബൂബക്കർ ഹാജിയാണ് അക്രമിക്കപ്പെട്ടത്. ബഹളം കേട്ട് പരിസരവാസികളെത്തുമ്പോഴേക്കും അക്രമികൾ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. 2023 മെയ് 3 ബുധനാഴ്ച രാത്രി എട്ടരയോടെ നിലാമുറ്റം പളളിയിൽ നിന്നും നമസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ മടങ്ങുന്നതിനിടയിലാണ് അബൂബക്കർ ഹാജിക്ക് നേരെ അക്രമമുണ്ടായത്. ബൈത്തുറഹ്മ റോഡിൽ വെച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘം അബൂബക്കർ ഹാജിയുടെ കണ്ണിൽ മുളകു പൊടി വിതറുകയായിരുന്നു.
ഹെൽമറ്റും മാസ്കും ധരിച്ചിരുന്നതിനാൽ അക്രമികളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. അബൂബക്കർ ഹാജി ബഹളം വച്ചതോടെ അക്രമികൾ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. തുടർന്ന് ഇരിക്കൂറിലെ സ്വകാര്യ ആശുപത്രിയിൽ അബൂബക്കർ ഹാജി ചികിത്സ തേടി. സംഭവത്തിൽ ഇരിക്കൂർ പോലീസ് അന്വേഷണം തുടങ്ങി. കവർച്ച ലക്ഷ്യമിട്ടാണ് സംഘമെത്തിയതെന്നാണ് സൂചന. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും അക്രമികളെക്കുറിച്ച് വിവരമൊന്നും കിട്ടിയിട്ടില്ല.
