പുണെ: ചാരവൃത്തിയുടെ പേരിൽ ഡിആർഡിഒ ശാസ്ത്രജ്ഞൻ അറസ്റ്റിൽ. റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് ഡയറക്ടർ പ്രദീപ് കുരുൽക്കറിനെയാണു പുണെയിൽനിന്ന് മുംബൈ എടിഎസ് (തീവ്രവാദ വിരുദ്ധ സേന) അറസ്റ്റുചെയ്തത്. 2023 മെയ് 3 ബുധനാഴ്ചയായിരുന്നു അറസ്റ്റ്. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കി എടിഎസ് കസ്റ്റഡിയിൽ വാങ്ങി. പ്രദീപ് കുരുൽക്കർ പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് വിവരങ്ങൾ കൈമാറിയെന്നുള്ളതാണ് എടിഎസ് വ്യക്തമാക്കിയിരിക്കുന്നത്.
ഔദ്യോഗിക രഹസ്യ നിയമം (ഒഫിഷ്യൽ സീക്രട്ട്സ് ആക്ട് 1923) പ്രകാരമാണ് അറസ്റ്റ്. പദവി ദുരുപയോഗം ചെയ്ത് പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് വിവരങ്ങൾ കൈമാറിയെന്നുള്ളതാണ് എടിഎസ് വ്യക്തമാക്കിയിരിക്കുന്നത്. സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിൽ സമൂഹമാധ്യമങ്ങൾ വഴി വോയ്സ് മെസേജുകളിലൂടെയും വിഡിയോ കോളുകളിലൂടെയും വിവരങ്ങൾ കൈമാറിയെന്നാണു പ്രാഥമിക കണ്ടെത്തൽ.
ഹണിട്രാപ്പിലൂടെയാണ് ചാരവൃത്തി നടന്നതെന്ന് എടിഎസ് വ്യക്തമാക്കി. ചോദ്യംചെയ്യൽ ഇപ്പോഴും തുടരുകയാണ്. ഡിആർഡിഒയുടെ പരാതിപ്രകാരമാണ് എടിഎസ് ഇത്തരമൊരു നടപടിയിലേക്കു കടന്നത്. മിസൈലുകൾ ഉൾപ്പെടെയുള്ള ഡിആർഡിഒയുടെ തന്ത്രപ്രധാനമായ നിരവധി പദ്ധതികളിൽ കുരുൽക്കർ ഭാഗമായിട്ടുണ്ട്.
