സ്പെഷ്യൽ റിപ്പോര്‍ട്ട്
ശ്രുതി ലാൽ

മണിപ്പുര്‍ കലാപം 23,000 പേരെ രക്ഷപ്പെടുത്തിയ ഇന്ത്യന്‍ സൈന്യം

May 8, 2023 - 2:32 pm

മണിപ്പൂരിലെ കലാപം ഒതുക്കാനായി വിളിച്ച സൈന്യവും അസം റൈഫിള്‍സും സംഘര്‍ഷമേഖലകളില്‍നിന്ന് 23,000 പേരെ രക്ഷപ്പെടുത്തി സുരക്ഷിത താവളങ്ങളിലേക്കു മാറ്റി. കൂടുതല്‍ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കര്‍ഫ്യൂവിന്റെ സമയത്തില്‍ മൂന്നു മണിക്കൂറോളം ഇളവ് അനുവദിച്ചു. സമാധാനം പുനസ്ഥാപിക്കാനും എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങളെ രക്ഷിക്കാനായി കഴിഞ്ഞ 96 മണിക്കൂറായി സൈന്യവും അസം റൈഫിള്‍സും അക്ഷീണം പ്രവര്‍ത്തിക്കുകയാണെന്നു സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. സൈനികരും അര്‍ധ സൈനികരും കേന്ദ്ര പോലീസ് സേനാംഗങ്ങളും ഉള്‍പ്പെടെ പതിനായിരത്തോളം പേരെ സംസ്ഥാനത്തു വിന്യസിച്ചിട്ടുണ്ട്. സൈനിക ഹെലികോപ്ടറുകളും ഡ്രോണുകളും ഉപയോഗിച്ച് വ്യോമ നിരീക്ഷണം കൂടുതല്‍ വ്യാപകമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായ മേഖലകളില്‍ സമാധാനം പുനഃസ്ഥാപിക്കാനായിട്ടുണ്ട്. രാചന്ദ്പുര്‍, കാങ്പോക്പി, മൊറെ മേഖലകളിലെ ചിലയിടങ്ങള്‍ ഇപ്പോഴും അസ്വസ്ഥജനകമാണ്. ഇവിടങ്ങളില്‍ ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്. സമാധാന യോഗങ്ങളടക്കം സംഘടിപ്പിച്ച് സ്ഥിതി സാധാരണനിലയിലാക്കാനാണു ശ്രമം.

സംസ്ഥാനത്ത് ഭൂരിപക്ഷം വരുന്ന മെയ്തി സമുദായത്തെ പട്ടിക വര്‍ഗവിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കുക്കികള്‍ ഉള്‍പ്പെടെയുള്ള ഗോത്ര വിഭാഗക്കാര്‍ തെരുവിലിറങ്ങിയതോടെയാണു അക്രമസംഭവങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. കഴിഞ്ഞ മൂന്നിനു തുടങ്ങിയ കലാപത്തില്‍ 37 പേര്‍ക്കു ജീവന്‍ നഷ്ടമായെന്നാണ് ഔദ്യോഗിക കണക്ക്. അമ്പതിലേറെപ്പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ, കലാപത്തെത്തുടര്‍ന്നു മണിപ്പൂരില്‍നിന്ന് അസമിലെ കാച്ചാര്‍ മേഖലയിലേക്കു കടന്നവരുടെ എണ്ണം 1,500 ആയി. ഇവര്‍ക്കായി അസം സര്‍ക്കാര്‍ എട്ട് ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. സമാധാനം പുനഃസ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് വിവിധ രാഷ്ട്രീയകക്ഷി നേതാക്കളുമായി മുഖ്യമന്ത്രി ബിരേന്‍ സിങ് ചര്‍ച്ച നടത്തിയിരുന്നു. മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും സമാധാനസമിതി യോഗങ്ങള്‍ വിളിക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി. അതേസമയം, സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നു കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ആവശ്യപ്പെട്ടു. ഒരുവര്‍ഷം മുമ്പു നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തിലേറ്റിയതിനു ജനം സ്വയം പഴിക്കുകയാണ്. ഉത്തരവാദിത്തം പാലിക്കാത്ത സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താന്‍ വൈകരുതെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.

ചീഫ് സെക്രട്ടറി തെറിച്ചു

സംഘര്‍ഷഭരിതമായ മണിപ്പൂരില്‍ ചീഫ് സെക്രട്ടറിക്കു സ്ഥാനചലനം. ഡോ. രാജേഷ് കുമാറിനെ മാറ്റി വിനീത് ജോഷിയെ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ഗവര്‍ണറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി മേധാവിയാണ് 1992 മണിപ്പുര്‍ കേഡര്‍ ഐ.എ.എസ്. ഓഫീസറായ വിനീഷ് ജോഷി. കഴിഞ്ഞ ഡിസംബറില്‍ ചീഫ് സെക്രട്ടറി സ്ഥാനത്ത് രാജേഷ് കുമാറിന് ആറുമാസം കൂടി സേവനകാലയളവ് ദീര്‍ഘിപ്പിച്ചു നല്‍കിയിരുന്നു.

Share
Kreate@gmail.com'

About ശ്രുതി ലാൽ

View all posts by ശ്രുതി ലാൽ →

Leave a Reply

Your email address will not be published. Required fields are marked *